വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം രാജസ്ഥാനിൽ തകർന്ന് വീണു; പൈലറ്റുമാര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ജയ്പുര്‍: രാജസ്ഥാനിലെ ബാര്‍മറിന് സമീപം ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് വീണു. മിഗ്-21 യുദ്ധവിമാനമാണ് തകര്‍ന്ന് വീണത്.
വിമാനത്തിന്റെ ഭാഗങ്ങളിലും പ്രദേശത്തും തീപടര്‍ന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. പുറത്തുവിട്ടിട്ടുണ്ട്.
രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവമെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാത്രി ഒമ്പത് മണിയോടെയാണ് വിമാനം തകര്‍ന്ന് വീണത്. ബാർമർ ജില്ലയിലെ ഭീംദ ഗ്രാമത്തിൽ അരകിലോമീറ്റർ ചുറ്റളവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
വിവരമറിഞ്ഞ് പ്രദേശത്തെ ജില്ലാ കളക്ടറും പൊലീസ് സൂപ്രണ്ടും വ്യോമസേനാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് പ്രകാരം രണ്ട് പൈലറ്റുകളാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.