ത്രിപുരയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, നാഗാലാന്‍ഡില്‍ കാവി തരംഗം, മേഘാലയയില്‍ തൃണമൂല്‍ മുന്നേറ്റം

bjp elec
ന്യൂഡല്‍ഹി: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ത്രിപുരയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 35 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 13 സീറ്റുകളില്‍ ഇടത്-കോണ്‍ഗ്രസ് സഖ്യം ലീഡ് ചെയ്യുന്നുണ്ട്. അതേസമയം, തിപ്രമോദ പാര്‍ട്ടി 11 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

നാഗാലാന്‍ഡില്‍ വലിയ മുന്നേറ്റമാണ് ബിജെപി സഖ്യം കാഴ്ച വെയ്ക്കുന്നത്. 48 സീറ്റുകളില്‍ ബിജെപി സഖ്യം ലീഡ് ചെയ്യുമ്പോള്‍ പ്രതിപക്ഷമായ എന്‍പിഎഫ് ആറിടത്ത് മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്. എന്‍ ഡി പി പി 38 സീറ്റുകളില്‍ ലീഡ് ചെയ്യുമ്‌ബോള്‍ എന്‍ പി എഫ് മൂന്ന് സീറ്റിലും കോണ്‍ഗ്രസ് രണ്ട് സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവര്‍ 17 സീറ്റുകളില്‍ മുന്നിലാണ്. 

അതേസമയം, മേഘാലയയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അപ്രതീക്ഷിത മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. 59 സീറ്റില്‍ 20 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫെബ്രുവരി 16 ത്രിപുരയിലും ഫെബ്രുവരി 27 ന് നാഗാലാന്‍ഡിലും മേഘാലയയിലുമായിരുന്നു വോട്ടെടുപ്പ് നടന്നത്. ത്രിപുരയില്‍ ബി.ജെ.പി അധികാരം നിലനിര്‍ത്തുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. അതേസമയം, മൂന്ന് സംസ്ഥാനങ്ങളിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായിരുന്നില്ല.