36 ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒയുടെ എല്‍വിഎം3 കുതിച്ചുയര്‍ന്നു; വീഡിയോ

google news
isro

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ എല്‍വിഎം3 വണ്‍ വിക്ഷേപിച്ചു. രാവിലെ ഒമ്പതുമണിയോടെ ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്. നാല് ഉപഗ്രഹങ്ങള്‍ വിജയകരമായി വേര്‍പെട്ടു.

ഓസ്ട്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വണ്‍ വെബ്ബിന്റെ 36 ഉപഗ്രഹങ്ങളെയും വഹിച്ചാണ് വിക്ഷേപണം നടത്തിയത്. ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി. മാര്‍ക്ക് ത്രീ റോക്കറ്റിന്റെ പരിഷ്‌കൃതരൂപമായ എല്‍.വി.എം3 വണ്‍ വെബിനുവേണ്ടി വാണിജ്യാടിസ്ഥാനത്തില്‍ നടത്തുന്ന രണ്ടാമത്തെ വിക്ഷേപണമാണിത്. നേരത്തെ ഒക്ടോബര്‍ 23നും വണ്‍വെബിന്റെ 36 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിരുന്നു. നിലവില്‍ 582 ഉപഗ്രഹങ്ങളാണ് വണ്‍വെബിന്റെതായി  ഭ്രമണപ്രഥത്തിലുളളത്. ഇന്നത്തെ വിക്ഷേപണത്തോടെ 618 ആയി. മൊത്തം 648 ഉപഗ്രഹങ്ങളുടെ ബൃഹദ് ശൃംഖലയാണ് വണ്‍ വെബ് വിഭാവനം ചെയ്യുന്നത്. സ്പേസ് എക്‌സ്പോലുള്ള വിവിധ ഏജന്‍സികളാണ് മറ്റ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. 72 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഐ. എസ്. ആര്‍. ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യയും വണ്‍ വെബും തമ്മില്‍ കരാറുണ്ടാക്കിയിരുന്നു. 1000കോടി രൂപയാണ് ഐ.എസ്.ആര്‍.ഒ.യുടെ പ്രതിഫലം.

അതേസമയം, എല്‍വിഎം 3 യ്ക്ക് 43.5 മീറ്റര്‍ ഉയരമാണുള്ളത്. 43 ടണ്‍ ആണ് ഭാരം. മൊത്തം ഭാരം 5805 കിലോഗ്രാം വരും. ഈ ദൗത്യം കൂടി വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ ബഹിരാകാശ വിപണയില്‍ ഐഎസ്ആര്‍ഒയുടെയും എല്‍വിഎം 3യുടെയും മൂല്യമുയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വണ്‍വെബ്ബിനും ഈ വിക്ഷേപണം പ്രധാനപ്പെട്ടതാണ്. ലോകവ്യാപക ഉപഗ്രഹ ഇന്റര്‍നെറ്റ് സംവിധാനം ലക്ഷ്യമിടുന്ന വണ്‍വെബ്ബിന് ഈ ദൗത്യത്തോടെ അവരുടെ ശൃംഖല പൂര്‍ത്തിയാക്കാനാകും. ഈ വര്‍ഷം തന്നെ ആഗോള സേവനങ്ങള്‍ തുടങ്ങുകയാണ് ലക്ഷ്യം. ഇന്ത്യയുടെ  ഭാരതി എയര്‍ടെല്ലാണ് കന്പനിയിലെ പ്രധാന നിക്ഷേപകരിലൊന്ന്.


 

Tags