എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകാൻ 50,000 കോടി രൂപ ചിലവ് വരുമെന്ന് റിപ്പോർട്ട്

medicine

ന്യൂഡൽഹി: എല്ലാവർക്കും  സൗജന്യമായി കോവിഡ് വാക്‌സിൻ നൽകാൻ 50,000 കോടി രൂപ ചിലവ് വരുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് 18 വയസ്സിന് മുകളിൽ സൗജന്യമാക്കി പുതിയ വാക്‌സിൻ നയം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കേന്ദ്രത്തിന്റെ വാക്‌സിൻ നയത്തിനെതിരെ വ്യാപക വിമർശനം ഉയർന്നതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ നിലപാട് തിരുത്തിയത്.

മുൻപ് 18 നും 44 നും ഇടയിൽ പ്രായമുള്ളവർ വാക്‌സിൻ പണം നൽകി വാങ്ങണമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നയം. ഇതാണ് എല്ലാവർക്കും സൗജന്യമെന്ന് നിലയിൽ തിരുത്തിയത്. ഇപ്പോൾ 18 വയസ്സിന് മുകളിൽ ഉള്ള എല്ലാവർക്കും വാക്‌സിൻ നല്കാൻ 50,000  കോടി രൂപ ചിലവ് വരുമെന്നാണ് കണക്കുകൾ ചൂണ്ടികാട്ടുന്നത്.

പുതുക്കിയ വാക്‌സിൻ നയം പ്രകാരം വാക്‌സിൻ സംഭരണം ഇനി കേന്ദ്രത്തിന്റെ ചുമതലയാണ്. വാക്‌സിൻ സംഭരിക്കാൻ നിലവിൽ ആവശ്യത്തിന് ഫണ്ട് ഉണ്ടെന്ന് ധനകാര്യമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. വാക്‌സിൻ ആവശ്യത്തിന് വിദേശ വാക്‌സിനുകളെ ആശ്രയിക്കാൻ ഉള്ള സാഹചര്യമില്ലെന്നും കേന്ദ്ര സർക്കാർ പറഞ്ഞിരുന്നു.