തമിഴ്നാടിനെ വിഭജിച്ച് 'കൊങ്കു നാട് ' എന്ന കേന്ദ്രഭരണ പ്രദേശമാക്കാന്‍ ബിജെപി നീക്കമെന്ന് റിപ്പോര്‍ട്ട്

kongu-nadu


ചെന്നൈ: തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കു നാട് എന്ന കേന്ദ്രഭരണ പ്രദേശമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. തമിഴ് ദിനപ്രങ്ങളിലെ വാര്‍ത്തയ്ക്ക് പിന്നാലെ തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. 

കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നീലഗിരി ഉള്‍പ്പെടുന്ന കൊങ്കുമേഖലയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുമെന്നാണ് തമിഴ് ദിനപത്രങ്ങളിലെ റിപ്പോര്‍ട്ട്. കൊങ്കുമേഖലയില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രി എല്‍ മുരുകന് ഇതിന്റെ ചുമതല നല്‍കിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എല്‍ മുരുകനെ കൊങ്കുനാട്ടില്‍ നിന്നുള്ള മന്ത്രിയെന്നും പുതിയ അധ്യക്ഷന്‍ അണ്ണാമലൈയെ കൊങ്കുനേതാവെന്നുമാണ് ബിജെപി വിശേഷിപ്പിച്ചിരുന്നത്. കൊങ്കുനാടിന് കീഴില്‍ നിലവില്‍ പത്തു ലോക്സഭാ മണ്ഡലങ്ങളും, 61 നിയമസഭാ മണ്ഡലങ്ങളുണ്ട്. സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങള്‍ കൂടി ചേര്‍ത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാന്‍ ചര്‍ച്ച നടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് നീക്കമെന്നും തമിഴ് ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, വാര്‍ത്തയ്ക്ക് പിന്നാലെ തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങള്‍ തമിഴ് സംഘടനകള്‍ കത്തിച്ചു. ഇതേ തുടര്‍ന്ന് കേന്ദ്രം വിശദീകരണം നല്‍കണമെന്ന് ഡിഎംഡികെ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനിടെ, അണ്ണാഡിഎംകെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ തോപ്പ് വെങ്കടാചലം ഡിഎംകെയില്‍ ചേര്‍ന്നു. വെങ്കടാചലത്തിന്റെ നൂറ് കണക്കിന് അനുയായികളും പാര്‍ട്ടി വിട്ടു.