കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന; രാഹുൽ ഗാന്ധിയെ കാണുമെന്ന് റിപ്പോർട്ട്

kanhaya kumar

ന്യൂഡൽഹി: ജെഎന്‍യു സര്‍വകലാശാല മുന്‍ യൂണിയന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന. കനയ്യകുമാര്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും രാഹുല്‍ ഗാന്ധിയെ ഉടന്‍ കാണുമെന്നും റിപ്പോർട്ട്. കനയ്യകുമാറിന്റെ ആവശ്യങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിച്ചാല്‍ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോൺഗ്രസ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

എന്നാല്‍ ഇത് സംബന്ധിച്ച് കനയ്യകുമാറോ കോണ്‍ഗ്രസ് വക്താക്കളോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. കനയ്യകുമാറിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കോണ്‍ഗ്രസ് ഗൗരവമായി ആലോചിക്കുകയാണ്. കനയ്യ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇക്കാര്യത്തിലൊന്നും അന്തിമ തീരുമാനമായിട്ടില്ല. ബിഹാറില്‍ കോണ്‍ഗ്രസിന്റെ ഘടകകക്ഷിയായ ആര്‍ജെഡിയുടെ നിലപാടും നിര്‍ണായകമാകുമെന്നും റിപ്പോർട്ട് പറയുന്നു.

നേരത്തെ കനയ്യ, ജെഡിയുവില്‍ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. 2019 തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാർത്ഥിയായി കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ച കനയ്യ, ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റത്.