ഓഫർ നല്‍കിയിട്ടും വഴങ്ങാതെ ഡി.കെ; കർണാടകയിൽ അനിശ്ചിതത്വം തുടരുന്നു; സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞാ ഒരുക്കങ്ങള്‍ നിര്‍ത്തി

google news
Dk
 

ബംഗളൂരു: കർണാടക മുഖ്യമന്ത്രിയാരാകുമെന്നതിൽ അനിശ്ചിതത്വം തുടരുന്നു. വീതംവെപ്പ് ഫോർമുല അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഡികെ ശിവകുമാർ. ഡികെ ശിവകുമാറും സിദ്ധരാമയ്യയും ഡൽഹിയിൽ തുടരും. ഖാർഗെ, സോണിയ, രാഹുൽ എന്നിവര്‍ അടക്കമുള്ള നേതാക്കൾ അനുനയശ്രമങ്ങളുമായി ഇരുവരുമായും സംസാരിച്ചുവെങ്കിലും ഒരു തീരുമാനത്തിൽ എത്താൻ സാധിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
 
ടേം വ്യവസ്ഥയിൽ മുഖ്യമന്ത്രിസ്ഥാനം പങ്കിട്ടേക്കും എന്ന സൂചനകളായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ആദ്യം പുറത്തുവന്നത്. ആദ്യ രണ്ട് വർഷം സിദ്ധരാമയ്യയും ശേഷം ഡി.കെ. ശിവകുമാറും എന്നതായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ ഫോർമുല. ഇത് അംഗീകരിക്കാതിരുന്ന ഡി.കെയ്ക്ക് മുമ്പിൽ വൻ ഓഫറുകളും നേതൃത്വം മുന്നോട്ട് വെച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഉപമുഖ്യമന്ത്രി സ്ഥാനം, ആറ് പ്രധാന വകുപ്പുകൾ അടക്കം ഡി.കെയ്ക്ക് മുമ്പിൽ നേതൃത്വം വെച്ചു. എന്നാൽ ഇതിനിടെ ഒന്നിലേറെ ഉപമുഖ്യമന്ത്രിമാർ ഉണ്ടാകും എന്നുള്ള സൂചനകളും പുറത്തുവന്നിരുന്നു. അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ട്, ഈ വ്യവസ്ഥകൾ ഡി.കെ. തള്ളിക്കളഞ്ഞു എന്നാണ്. ഒരു ഉപമുഖ്യമന്ത്രി ആണെങ്കിൽ മാത്രമേ സ്വീകരിക്കൂ എന്ന നിലപാടിലാണ് ഡി.കെ. എന്നാണ് റിപ്പോർട്ട്. കൂടാതെ ആഭ്യന്തരം വേണമെന്നും രണ്ടുവർഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം വെച്ചുമാറും എന്ന് പരസ്യമായിത്തന്നെ പ്രഖ്യാപിക്കുകയും വേണമെന്ന് ഡി.കെ. ആവശ്യപ്പെട്ടതായാണ് സൂചന. എന്നാൽ പുറത്തുകേൾക്കുന്നതൊക്കെ വെറും ഊഹാപോഹങ്ങളാണെന്നും ഇതുവരെ കേട്ടതൊന്നും സത്യമല്ലെന്നും പറഞ്ഞ് ഡി.കെ തന്നെ രംഗത്തെത്തിയിട്ടുമുണ്ട്.
 
അതേസമയം,സത്യപ്രതിജ്ഞാ ഒരുക്കങ്ങൾ നിർത്തി. ശ്രീകണ്ഠീരവാ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ വേദിയുടെ നിർമ്മാണം നേരത്തെ മുതൽ തുടങ്ങിയിരുന്നു. അനിശ്ചിത്വം തുടർന്നതോടെ ഇത് നിർത്തിവെച്ചു. തോരണങ്ങളും പരവതാനികളും തിരികെ കൊണ്ടുപോയി. തൊഴിലാളികൾ സ്റ്റേഡിയത്തിൽ നിന്നും മടങ്ങി.

മുഖ്യമന്ത്രി ആരെന്ന് ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്ന് കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല പ്രതികരിച്ചിരുന്നു.പ്രചരിക്കുന്ന വാർത്തകൾ സത്യമല്ല. ചർച്ചകൾ തുടരുകയാണെന്നും സുർജേവാല മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയാകില്ലെന്ന പ്രചാരണങ്ങൾക്ക് പിന്നാലെ പ്രതിഷേധവുമായി ഒരു വിഭാഗം പ്രവർത്തകർ ഡൽഹിയിലെത്തി. സോണിയാഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും വീടിന് മുന്നിലാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.

Tags