ന്യൂ ഡല്‍ഹി: രാഷ്ട്രീയ രജ്പുത് കര്‍ണിസേന തലവൻ സുഖ്ദേവ് സിങ്ങിന്റെ കൊലപാതകത്തില്‍ മുഖ്യ പ്രതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍.വെടിവെപ്പ് നടത്തിയ രോഹിത് റാത്തോഡ്, നിതിൻ ഫൗജി, സഹായി ഉദ്ധം സിങ് എന്നിവരാണ് പിടിയിലായത്. ചണ്ഡീഗഡില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
ഡല്‍ഹി, രാജസ്ഥാൻ പൊലീസ് സേനകള്‍ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പ്രതികള്‍ അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. ശനിയാഴ്ച രാംവീര്‍ ജാട്ട് എന്നയാളെ രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതികളായ രോഹിത്, നിതിൻ എന്നിവരെ ബൈക്കില്‍ കയറ്റി അജ്മീര്‍ റോഡില്‍ ഇറക്കിയത് ഇയാളായിരുന്നു.
ഡിസംബര്‍ അഞ്ചിന് തന്റെ വീടിന്റെ സ്വീകരണമുറിയില്‍ വച്ചാണ് സുഖ്‌ദേവിന് വെടിയേറ്റത്. സന്ദര്‍ശകരായെത്തിയ മൂന്നു പേര്‍ സംസാരത്തിനിടെ പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. സുഖ്‌ദേവിന്റെ അംഗരക്ഷകൻ തിരിച്ചു വെടിവച്ചതിനെ തുടര്‍ന്ന് അക്രമികളില്‍ ഒരാളും കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ രോഹിത് റാത്തോഡും നിതിൻ ഫൗജിയും ഇവിടെ നിന്ന് രക്ഷപെടുകയും ഒളിവില്‍ പോവുകയുമായിരുന്നു.
ഗുണ്ടാത്തലവന്മാരായ ഗോള്‍ഡി ബ്രാര്‍, ലോറൻസ് ബിഷ്‌ണോയി എന്നിവരുമായി അടുത്ത ബന്ധമുള്ളയാളാണ് രോഹിത്. കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയിയുടെ ഗുണ്ടാസംഘം നേരത്തെ ഏറ്റെടുത്തിരുന്നു.
കൊലയ്ക്ക് ശേഷം ട്രെയിനില്‍ കയറി ആദ്യം ഹിസാറിലേക്കും പിന്നീട് ഉദ്ധംസിങ്ങിനൊപ്പം മണാലിയിലേക്കും പോയതായി ഇവര്‍ പൊലീസിനോട് പറഞ്ഞു.ഒരു ദിവസം മാണ്ഡിയിലും താമസിച്ചു. മാണ്ഡിയില്‍ നിന്ന് ചണ്ഡീഗഡില്‍ എത്തിയ മൂന്നുപേരും പൊലീസിന്റെ പിടിയിലാവുകയായിരുന്നു. കൊലയാളികളെ കണ്ടെത്താൻ പൊലീസ് ഒന്നിലധികം സംഘങ്ങളെ രൂപീകരിച്ചിരുന്നു. പിടികൂടാൻ സഹായിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
ശ്രീ രജ്പുത് കര്‍ണിസേന സ്ഥാപകനായ ലോകേന്ദ്ര സിങ് കല്‍വിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് സുഖ്‌ദേവ് സംഘടന വിട്ടത്. തുടര്‍ന്നാണ് ശ്രീ രാഷ്ട്രീയ രജ്പുത് കര്‍ണിസേന രൂപീകരിച്ചത്.