കശ്മീർ സംഘർഷം: 700 പേരെ കസ്റ്റഡിയിലെടുത്ത് സുരക്ഷാസേന

indian army
ന്യൂഡൽഹി: കശ്മീരിൽ 6 ദിവസത്തിനിടെ 7 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് 700ൽ അധികം ആളുകളെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു. ഇവരിൽ പലർക്കും നിരോധിത സംഘടനയുമായി ബന്ധമുള്ളതായാണു കരുതുന്നതെന്നാണ്  റിപ്പോർട്ടുകൾ.

കശ്മീർ താഴ്‌വരയിലെ അക്രമ പരമ്പര അവസാനിപ്പിക്കുന്നതിനാണ് ഇത്രയധികം ആളുകളെ അറസ്റ്റ് ചെയ്തതെന്ന്  മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരമേറിയതിനു പിന്നാലെ തീവ്ര നിലപാടുകൾ കടുപ്പിച്ച പ്രവർത്തകർ സാധാരണക്കാരെ അക്രമങ്ങൾക്ക് ഇരയാക്കുകയായിരുന്നെന്നും അദ്ദേഹം സൂചിപ്പിച്ചു.

കൊലപാതകങ്ങൾക്കു പിന്നാലെ കശ്മീർ വീണ്ടും പ്രക്ഷുബ്ധമാണ്. അക്രമ സംഭവങ്ങൾക്കു നേതൃത്വം നൽകിയവരെ പിടികൂടാനും അക്രമങ്ങൾ തടയാനും ഭരണകൂടത്തിനു കഴിയുന്നില്ലെന്നു പ്രതിപക്ഷം സ്വരം കടുപ്പിച്ചു. കശ്മീർ താഴ്‌വരയിലെ നിവാസികൾ ഭീതിയിലാണു കഴിയുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

കശ്മീരിൽ നിരപരാധികൾ മരിച്ചുവീഴുകയാണെന്നും ഇക്കാര്യത്തിൽ സർക്കാർ രാഷ്ട്രീയം മാറ്റിവച്ചു പുനർവിചിന്തനത്തിനു തയാറാകണമെന്നും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ല അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീർ താഴ്‌വരെ സന്ദർശിക്കണമെന്നും നിവാസികൾക്ക് സമാധാനം പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച ഉറപ്പു നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ സ്കൂളിലെ 2 അധ്യാപകരെയാണ് കശ്മീരിൽ ഭീകരർ ഏറ്റവും ഒടുവിൽ കൊലപ്പെടുത്തിയത്.