എല്ലാ കുട്ടികൾക്കും വാക്സിനേഷൻ ലഭിക്കുന്നത് വരെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് കെജ്‍രിവാൾ

kejariwal

ന്യൂഡൽഹി: എല്ലാ കുട്ടികൾക്കും വാക്സിനേഷൻ ലഭിക്കുന്നത് വരെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. വിദ്യാർത്ഥികളുടെ മുൻപരീക്ഷകളിലെ  പ്രകടനത്തെ അടിസ്ഥാനപ്പെടുത്തി വിലയിരുത്തൽ നടത്തണമെന്നും കെജ്‍രിവാൾ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു. ട്വിറ്ററിലൂടെയാണ് കെജ്‍രിവാളിന്റെ അഭ്യർത്ഥന. 

പന്ത്രണ്ടാം ക്ലാസ് പരീക്ഷയെക്കുറിച്ച് വിദ്യാർത്ഥികളും മാതാപിതാക്കളും ആശങ്കാകുലരാണ്. എല്ലാവർക്കും വാക്സിനേഷൻ നൽകാതെ പരീക്ഷ നടത്തുന്നത് ശരിയായ നടപടിയല്ലെന്ന് അവർ അഭിപ്രായപ്പെടുന്നു. ഈ അവസരത്തിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് കെജ്‍രിവാൾ പറഞ്ഞു.

കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി, സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങി നിരവധി നേതാക്കൾ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് മുന്നോട്ട് വന്നിരുന്നു. 

കോവിഡിന്റെ രണ്ടാം തരം​ഗം രാജ്യത്ത് നാശം വിതച്ച സാഹചര്യത്തിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഈ വർഷം നടത്താൻ സാധിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയെക്കുറിച്ച് രണ്ട് നിർദ്ദേശങ്ങളാണ് സിബിഎസ്ഇയും കേന്ദ്രസർക്കാരും മുന്നോട്ട് വച്ചിരുന്നത്. ഒന്നാമത്തേത് 19 വിഷയങ്ങളിൽ പരീക്ഷ നടത്തുക എന്നതായിരുന്നു. ഓ​ഗസ്റ്റിൽ പരീക്ഷ നടത്താം. ഒരു വിദ്യാർത്ഥിക്ക് 4 പരീക്ഷ വരെ എഴുതിയാൽ മതി. 

രണ്ടാമത്തേത് പരീക്ഷയുടെ സമയദൈർഘ്യം കുറയ്ക്കുക എന്നതാണ്. മൂന്നു മണിക്കൂറിനു പകരം ഒന്നര മണിക്കൂർ അവരവരുടെ സ്കൂളുകളിൽ തന്നെ പരീക്ഷയെഴുതുക. അത് ജൂലൈയിലും ഓ​ഗസ്റ്റിലുമായി രണ്ട് ഘട്ടങ്ങളായി നടത്തുക. ഇതെല്ലാം തന്നെ ഇപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരി​ഗണനയിലാണ്.