കേരള സ്റ്റോറി നിരോധിച്ചിട്ടില്ല, കാണാൻ ആളില്ലാത്തതാണ് കാരണം; തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: വിവാദ സിനിമയായ കേരള സ്റ്റോറി സംസ്ഥാനത്ത് നിരോധിച്ചിട്ടില്ലെന്ന് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ. പ്രത്യക്ഷമായോ പരോക്ഷമായോ സിനിമയെ വിലക്കി ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. സംസ്ഥാനത്ത് സിനിമ നിരോധിച്ചതായി ചൂണ്ടിക്കാട്ടി നിർമാതാക്കൾ നൽകിയ ഹർജിയിലായിരുന്നു തമിഴ്നാടിന്റെ മറുപടി.
സിനിമ കാണാൻ ആളില്ലാത്തതിനാൽ തിയറ്ററിൽനിന്ന് പിൻവലിക്കപ്പെട്ടതാണെന്നും തമിഴ്നാട് സർക്കാർ കോടതിയിൽ പറഞ്ഞു. സിനിമ പ്രദർശിപ്പിച്ച തിയേറ്ററുകൾക്കും മൾട്ടിപ്ലക്സുകൾക്കും ആവശ്യമായ സുരക്ഷ സംസ്ഥാനം ഒരുക്കിയിരുന്നു. എന്നാൽ കാണികൾ ഇല്ലാത്തതിനാൽ ഈ മാസം ഏഴ് മുതൽ ചിത്രത്തിന്റെ പ്രദർശനം നിർത്തിവയ്ക്കാൻ തിയറ്റർ ഉടമകൾ തീരുമാനിക്കുകയായിരുന്നു.
സിനിമ വലിയരീതിയിൽ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. മുസ്ലിം വിദ്വേഷവും ഇസ്ലാമോഫോബിയയും സാധാരണ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നുവെന്നും മറ്റ് മതസ്ഥരിൽനിന്നും മുസ്ലിംകളെ ധ്രുവീകരിക്കാനുള്ള ഉദ്ദേശ്യത്തോടെ നിർമിച്ചതാണെന്നും ആരോപണം ഉയർന്നിരുന്നു- തമിഴ്നാട് സുപ്രീം കോടതിയിൽ പറഞ്ഞു.