കർണാടക മുഖ്യമന്ത്രിയെ ഖാർഗെ തീരുമാനിക്കും; മുൻതൂക്കം സിദ്ധരാമയ്യക്ക്

ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ചുമതല കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഏല്‍പ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ചുമതല ഖാര്‍ഗെയ്ക്കു നല്‍കിക്കൊണ്ട് കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം പ്രമേയം പാസാക്കി.
സിദ്ധരാമയ്യയും ഡികെ ശിവകുമാറുമാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവുമായി നിൽക്കുന്നത്. ഇരുവരേയും പിന്തുണയ്ക്കുന്ന അണികൾ ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളികളുമായി യോഗം നടക്കുന്ന ബംഗളൂരുവിലെ സ്വകാര്യ ഹോട്ടലിന് മുന്നിൽ തടിച്ചുകൂടി. യോഗത്തിൽ സിദ്ധരാമയ്യക്കാണ് മുൻതൂക്കമെന്നാണ് സൂചന.
നേരത്തെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചുമതല ഹൈക്കമാന്‍ഡിന് വിട്ടതായി ഖാര്‍ഗെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് നിയമസഭാകക്ഷി യോഗം കൂടിച്ചേരുകയും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ചുമതല ഖാര്‍ഗെയെ ഏല്‍പ്പിക്കുകയുമായിരുന്നു.
കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, കോണ്‍ഗ്രസ് നേതാക്കളായ സുശീല്‍കുമാര്‍ ഷിന്ദെ, ജിതേന്ദ്ര സിങ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
അതേസമയം കർണാടകയിൽ പുതിയ സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും അന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യും. ഖാർഗെയ്ക്കും സോണിയക്കും പുറമെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും.