കിറ്റെക്‌സ് സംഘം തെലങ്കാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ആദ്യഘട്ടത്തില്‍ 1000 കോടി നിക്ഷേപിക്കും

sabu

ഹൈദരാബാദ്: തെലങ്കാനയിൽ പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങാനുള്ള ചർച്ചയ്ക്കായി ഹൈദരാബാദിലെത്തിയ കിറ്റെക്‌സ് സംഘം സർക്കാർവൃത്തങ്ങളുമായി ഔദ്യോഗിക ചർച്ച നടത്തി. എംഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെലങ്കാന വ്യവസായ മന്ത്രി കെടി രാമറാവുവുമായാണ് കൂടിക്കാഴ്ച നടത്തി പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്തത്. ചര്‍ച്ച വിജയകരമെന്ന് തെലങ്കാന വ്യവസായ മന്ത്രി കെ. ടി. രാമ റാവു അറിയിച്ചു. 

ആയിരം കോടിയുടെ പ്രാരംഭ നിക്ഷേപത്തോടെ കിറ്റെക്‌സ് തെലങ്കാനയില്‍ രംഗപ്രവേശം ചെയ്യുമെന്ന് ട്വിറ്ററിലൂടെ അദ്ദേഹം പ്രഖ്യാപിച്ചു. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കുട്ടികള്‍ക്കുള്ള വസ്ത്രനിര്‍മാതാക്കളായ കിറ്റെക്‌സ് ഗ്രൂപ്പിന്റെ പ്രവേശനത്തില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

വാറങ്കലിലുള്ള കകതിയ മെഗാ ടെക്‌സ്‌റ്റൈല്‍സ് പാര്‍ക്കില്‍ കിറ്റെക്‌സിന്റെ ഫാക്ടറികള്‍ സ്ഥാപിക്കും. ഉടനടിയുള്ള തീരുമാനത്തില്‍ കിറ്റെക്‌സ് എംഡി സാബു ജേക്കബിനെ അഭിനന്ദിക്കുന്നുവെന്നും തെലങ്കാന വ്യവസായ മന്ത്രി അറിയിച്ചു.


ടെക്‌സ്‌റ്റൈല്‍ പ്രോജക്ടിനായി വാറങ്കലില്‍ 1,000 കോടി രൂപ നിക്ഷേപിക്കാനുള്ള കരാര്‍ സ്ഥിരീകരിക്കുന്നതായി കിറ്റെക്‌സ് എംഡി സാബു ജേക്കബ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ നിക്ഷേപം തെലങ്കാനയില്‍ 4000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാന സർക്കാർ അയച്ച പ്രത്യേക വിമാനത്തിലാണ് സാബു ജേക്കബും സംഘവും ഇന്ന് ഹൈദരാബാദിലെത്തിയത്. മന്ത്രി രാമ റാവുവിനൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. സംഘം നാളെ മടങ്ങും.  

കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതികളില്‍ നിന്ന് പിന്‍മാറുന്നെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കിറ്റെക്‌സിന് തെലങ്കാനയില്‍ നിന്ന് ക്ഷണം ലഭിച്ചത്. മറ്റു സംസ്ഥാനങ്ങളും കിറ്റെക്‌സിനെ ക്ഷണിച്ചിരുന്നു.

കേരളത്തിന് പുറത്ത് പുതിയ നിക്ഷേപങ്ങൾ നടത്താനാണ് കിറ്റെക്‌സിന്റെ തീരുമാനം. പിടിച്ചുനിൽക്കാനായില്ലെങ്കിൽ നിലവിലുള്ള വ്യവസായംകൂടി കേരളത്തിനു പുറത്തേക്ക് മാറ്റുന്നതു സംബന്ധിച്ച് ആലോചിക്കേണ്ടിവരുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 3,500 കോടി രൂപയുടെ നിക്ഷേപം കേരളത്തിൽനിന്ന് പിൻവലിക്കുമെന്ന് പറഞ്ഞിട്ട് ആരും തിരിഞ്ഞുനോക്കിയില്ലെന്നായിരുന്നു തെലങ്കാനയിലേക്ക് പുറപ്പെടുംമുമ്പ് സാബു ജേക്കബ് പറഞ്ഞത്.