ഹൂഗ്ലി നദിക്കടിയിലൂടെ മെട്രോ പാത; ഇന്ത്യയിൽ ഇതാദ്യം, പരീക്ഷണയോട്ടം വിജയകരം

google news
Kolkata Metro Runs Under River First In India
 

കൊല്‍ക്കത്ത: ഇന്ത്യയിലാദ്യമായി നദിക്കടിയിലൂടെയുള്ള മെട്രോ ട്രെയിൻ പരീക്ഷണയോട്ടം നടത്തി. ഹൂ​ഗ്ലി നദിയ്ക്ക് കീഴെ 32 മീറ്റര്‍ താഴ്ചയിൽ നിർമിച്ച തുരങ്കം വഴി കൊൽക്കത്ത മെട്രോയാണ് ബുധനാഴ്ച പരീക്ഷണയോട്ടം നടത്തിയത്. കൊൽക്കത്തയിൽ നിന്ന് ഹൗറയിലേക്ക് ഹൂഗ്ലി നദിയുടെ താഴെക്കൂടിയാണ് മെട്രോ സർവീസ് നടത്തുന്നത്. ഉദ്യോഗസ്ഥരും ബോര്‍ഡ് എന്‍ജിനീയർമാരും മെട്രോയുടെ പരീക്ഷണയോട്ടത്തിൽ പങ്കെടുത്തു.  

കൊൽക്കത്തയിലെ ജനങ്ങൾക്ക് അത്യാധുനിക ഗതാഗത സംവിധാനം നൽകിയ വിപ്ലവകരമായ ചുവടുവയ്പ്പാണ് ഇതെന്ന് കൊൽക്കത്ത മെട്രോയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു. കൊൽക്കത്തയിലെ മഹാകരൺ സ്റ്റേഷനിൽ നിന്ന് ഹൗറ മൈദാൻ സ്റ്റേഷനിലേക്ക് മെട്രോ റെയിൽവേ ജനറൽ മാനേജർ പി ഉദയ് കുമാർ റെഡ്ഡി യാത്ര ചെയ്തു.
 
ഹൗറ മൈദാൻ -എസ്പ്ലനേഡ് സ്റ്റേഷൻ എന്നിവയ്ക്കിടെ അടുത്ത ഏഴ് മാസം ട്രയൽ റൺ നടക്കുമെന്നും അതിന് ശേഷം പൊതുജനങ്ങൾക്കായി മെട്രോ തുറന്ന് കൊടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും ആഴത്തിൽ പ്രവർത്തിക്കുന്ന ( 33 കി.മി ആഴത്തിൽ) മെട്രോയാകും കൊൽക്കത്തയിലേത്.

   
പരീക്ഷണാടിസ്ഥാനത്തിലുള്ള യാത്രകള്‍ വിജയകരമായി പൂര്‍ത്തിയാകുന്നതോടെ സമുദ്രനിരപ്പിൽനിന്ന് ഏറ്റവും താഴെയായി സ്ഥിതിചെയ്യുന്ന മെട്രോ സ്‌റ്റേഷനായി ഹൗറ മാറും. ഉപരിതലത്തില്‍നിന്ന് 33 മീറ്റര്‍ താഴ്ചയിലാണ് സ്റ്റേഷനുള്ളത്. ജലോപരിതലത്തില്‍നിന്ന് 32 മീറ്റര്‍ താഴ്ചയിലാണ് തുരങ്കം സ്ഥിതിചെയ്യുന്നത്. ഹൂഗ്ലി നദിക്കു താഴെയുള്ള തുരങ്കത്തിനകത്ത് 45 സെക്കന്‍ഡിനകം 520 മീറ്റര്‍ യാത്ര ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.

Tags