കോവിഡ് 19: നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

karnataka lockdown

ബെംഗളൂരു: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. രോഗബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് രാത്രി കാല കര്‍ഫ്യു അടക്കമുള്ള നിയന്ത്രങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ജൂലൈ 19 ഓടെ സംസ്ഥാനത്തെ കടകളുടെ പ്രവര്‍ത്തന സമയം കൂട്ടാനും മാളുകളും പബ്ബുകളും തുറക്കാനും തീരുമാനമുണ്ടാകുമെന്നാണ് സൂചനകള്‍. കാഴ്ച്ചക്കാരുടെ എണ്ണം കുറച്ചുകൊണ്ട് സിനിമ തിയറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും തുറക്കാനും സാധ്യതകളുണ്ട്. 

അതേസമയം, സംസ്ഥാനത്തെ 31 ജില്ലകളില്‍ അഞ്ച് ശതമാനത്തില്‍ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിക്കുന്നതിലെയും രാത്രി കര്‍ഫ്യൂ സമയം കുറക്കുന്നതിലെയും പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്തുവരികയണെന്നും വെള്ളിയാഴ്ചയോ ശനിയാഴ്ചയോ നടക്കുന്ന മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചിരുന്നു. അതേസമയം, ഇന്നലെ കര്‍ണാടകയില്‍ 1386 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 35,896 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്.