കോവിഡ്: തമിഴ്‌നാട്ടില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍

tamilnadu

ചെന്നൈ: കോവിഡ്, ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലും ലോക്ഡൗണ്‍. ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ചെന്നൈ കോര്‍പറേഷന്‍ മേഖലയില്‍ വിവാഹം ഉള്‍പ്പെടെയുള്ള പൊതുചടങ്ങുകളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണവും കുറച്ചു.  തലസ്ഥാനനഗരമായ ചെന്നൈയിലാണ് കൂടുതല്‍ രോഗികള്‍.

മറ്റ് അഞ്ച് ജില്ലകളിലും വൈറസ് വ്യാപനം രൂക്ഷമാണ്. ഇന്നലെ 2731 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് ഇതുവരെ 27,55,587 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതായി തമിഴ്‌നാട് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ ഒന്‍പത് പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 36,805 ആയി.

അതേസമയം, ഒമിക്രോണ്‍ ബാധിതര്‍ വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ തുടരണമെന്നും ഇതുസംബന്ധിച്ച് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ഏര്‍പ്പെടുത്തി.

ഇതുകൂടാതെ കോളേജുകളിലും നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കർണാടകത്തിലും വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്താനും രാത്രി കര്‍ഫ്യൂ രണ്ടാഴ്ചത്തേക്കുകൂടി നീട്ടാനും തീരുമാനിച്ചിട്ടുണ്ട്. 10,12 ക്ലാസുകള്‍ ഒഴികെ, സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും രണ്ടാഴ്ചത്തേക്ക് അടയ്ക്കും.