മഹാരാഷ്ട്രയിൽ കുട്ടികളിൽ കോവിഡ്; മൂന്നാം തരംഗത്തിൽ കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന് ആശങ്ക

covid - child

മുംബൈ: മഹാരാഷ്ട്രയിലെ ഒരു ജില്ലയില്‍ ഒറ്റ മാസത്തിനുള്ളില്‍ 8,000 കുട്ടികള്‍ക്ക് കൊറോണ ബാധിച്ചത് കൂടുതൽ ആശങ്കകൾ സൃഷ്ടിക്കുന്നു. രണ്ടാം തരംഗത്തില്‍ അഹമ്മദ് നഗര്‍ ജില്ലയിലാണ് ഈ മാസം 8,000 കുട്ടികള്‍ക്കു കോവിഡ് ബാധിച്ചത്. ഇതോടെ മൂന്നാം തരംഗം ഉണ്ടായാല്‍ കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന ആശങ്കയാണ് അധികൃതര്‍ക്കുള്ളത്.

കടുത്ത ആശങ്കയില്‍ കോവിഡ് മൂന്നാം തരംഗത്തെ ചെറുക്കാന്‍ വമ്പന്‍ തയാറെടുപ്പുകളുമായി മഹാരാഷ്ട്ര ഒരുങ്ങുകയാണ്. സാന്‍ഗ്ലി നഗരത്തില്‍ കുട്ടികള്‍ക്കു വേണ്ടി മാത്രമായി കോവിഡ് വാര്‍ഡ് ആരംഭിച്ചു കഴിഞ്ഞു. അഞ്ച് കുട്ടികളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. കൂടുതല്‍ പേര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. മൂന്നാം തരംഗമുണ്ടായാല്‍ നേരിടാന്‍ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കുകയാണെന്ന് കോര്‍പ്പറേഷന്‍ അംഗം അഭിജിത് ഭോസ്‌ലെ പറഞ്ഞു. 

കുട്ടികള്‍ക്ക് അവര്‍ ആശുപത്രിയിലാണെന്ന തോന്നല്‍ ഉണ്ടാകില്ല. മറിച്ച് സ്‌കൂളിലോ നഴ്‌സറിയിലോ ആണെന്ന പ്രതീതി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്-അഭിജിത് പറഞ്ഞു. അഹമ്മദ് നഗര്‍ ജില്ലയില്‍ ആകെയുള്ള രോഗികളില്‍ പത്തു ശതമാനവും കുട്ടികളാണെന്ന് അറിഞ്ഞതോടെയാണ് ഒരുക്കങ്ങളെക്കുറിച്ച് അധികൃതര്‍ ചിന്തിച്ചത്. 

ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരുക്കങ്ങള്‍ നടത്തുന്നത്. രണ്ടു മാസത്തിനുള്ളില്‍ എല്ലാവിധ സജ്ജീകരണങ്ങളും തയാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.