രാജ്യത്ത്​ കുതിച്ചുയർന്ന്​ കോവിഡ്​; ലക്ഷത്തിനടുത്ത്​ പുതിയ കേസുകൾ

Delhi Covid

ന്യൂഡൽഹി: രാജ്യത്ത്​ പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണം ലക്ഷത്തിനടുത്ത്​. 24 മണിക്കൂറിനിടെ 90,928 പേർക്കാണ്​ രോഗം റിപ്പോർട്ട്​ ചെയ്തത്​. 325 മരണവും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​മരിച്ചവരുടെ എണ്ണം 4,82,876 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 6.43% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 

രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 2500 കടന്നു. ഇതുവരെ രോഗം ബാധിച്ചത് 2630 പേർക്ക് എന്നാണ് ഔദ്യോ​ഗിക കണക്ക്. കേരളം ഒമിക്രോൺ വ്യാപനത്തിൽ നാലാമത് ആണ്. ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണവും ഉയരുകയാണ്. പ്രതിദിന കോവിഡ് കേസുകളിലെ വർധന ആശങ്ക ഉയർത്തുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

കേരളത്തിലേതടക്കമുള്ള രോഗവ്യാപനം ആശങ്കയുണ്ടാക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യം കോവിഡ് മൂന്നാം തരംഗത്തിലെന്ന് കോവിഡ് വാക്‌സിൻ സാങ്കേതിക ഉപദേശകസമിതി ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഈ മാസം തന്നെ കോവിഡ് കേസുകൾ ഏറ്റവുമുയർന്ന നിരക്കിലാകുമെന്നും, രാജ്യത്തെ മെട്രോ നഗരങ്ങളിൽ ആശുപത്രികൾ നിറഞ്ഞു കവിയാൻ സാധ്യതയുണ്ടെന്നും കോവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതി ചെയർമാൻ ഡോ. എൻ കെ അറോറ വ്യക്തമാക്കി.

കഴിഞ്ഞദിവസത്തെ അപേക്ഷിച്ച്​ 56.5 ശതമാനമാണ്​ കോവിഡ്​ കേസുകളുടെ വർധന. 58,097 പേർക്കാണ് കഴിഞ്ഞദിവസം​ രോഗം സ്ഥിരീകരിച്ചത്​. 97.81 ശതമാനമാണ് കോവിഡ്​​ രോഗമുക്തി നിരക്ക്​. 24 മണിക്കൂറിനിടെ 19,206 പേർ രോഗമുക്തി നേടി. 2,85,401 പേരാണ്​ നിലവിൽ കോവിഡ്​ ബാധിച്ച്​ ചികിത്സയിലുള്ളതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.