ലഖിംപുര്‍ സംഘർഷം: ആശിഷ് മിശ്ര മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍

ashish misra
ലക്‌നൗ: ഉത്തർപ്രേദേശിലെ ലഖിംപുര്‍ സംഭവത്തില്‍ അറസ്റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍  വിട്ടു. ഒക്ടോബര്‍ 12ന് രാവിലെ പത്തുമണി മുതല്‍ 12ന് രാവിലെ പത്ത് മണിവരെയാണ് കസ്റ്റഡിയില്‍ വിട്ടതെന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ എസ്പി യാദവ് അറിയിച്ചു. 

ഉത്തര്‍പ്രദേശ് പോലീസ് ഉന്നയിച്ച ആരോപണങ്ങളെല്ലാം ആശിഷിൻ്റെ  അഭിഭാഷകന്‍ നിഷേധിച്ചു. 12 മണിക്കൂറിലേറെ ചോദ്യം ചെയ്തതായും പോലീസിൻ്റെ എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കിയതായും ഇനി കസ്റ്റഡിയില്‍ തുടരേണ്ടതില്ലെന്നുമായിരുന്നു ആശിഷിൻ്റെ  അഭിഭാഷകന്റെ വാദം. 

പോലീസ് ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. പോലീസുമായി ഒരുഘട്ടത്തിലും സഹകരിക്കാതിരുന്നിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ പോലീസിൻ്റെ ചോദ്യം ചെയ്യലിനോട് ആശിഷ് സഹകരിച്ചില്ലെന്നും കൂടുതല്‍ ചോദ്യം ചെയ്യാന്‍ പോലീസ് കസ്റ്റഡിയില്‍ വേണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.