ലഖിംപുർ സംഘർഷം: 'ഞാൻ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ തോക്ക് കൈവശം വയ്ക്കാറുണ്ട്, വാഹനം എൻ്റെത് തന്നെ'; ആശിഷ് മിശ്ര

ashish misra
ന്യൂഡൽഹി: ഉത്തർപ്രേദേശിലെ ലഖിംപുർ ഖേരി കേസിൽ അറസ്റ്റിലായ ആശിഷ് മിശ്ര താൻ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ തോക്ക് കൈവശം വയ്ക്കാറുണ്ടെന്ന് ചോദ്യം ചെയ്യലിനിടെ പോലീസിനോടു സമ്മതിച്ചു. എന്നാൽ കർഷകർ കൊല്ലപ്പെട്ട ദിവസം പിതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്ര, ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവർ പങ്കെടുത്ത ചടങ്ങിലായിരുന്നു താൻ എന്ന വാദത്തിൽ മിശ്ര ഉറച്ചു നിന്നു.

സംഭവസ്ഥലത്തു നിന്നു 2 ഒഴിഞ്ഞ വെടിയുണ്ട കവറുകൾ കിട്ടിയിരുന്നു. വാഹനത്തിലിരുന്ന് ആശിഷ് മിശ്ര വെടിവച്ചുവെന്നും ഗുർവിന്ദർ സിങ് എന്ന കർഷകനു വെടിയേറ്റുവെന്നും എഫ്ഐആറിലുണ്ട്. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് തോക്ക് കൈവശം വയ്ക്കാറുണ്ടെന്നും താൻ വാഹനത്തിലില്ലെങ്കിൽ അതിൽ ആയുധമുണ്ടാകാറില്ലെന്നും ആശിഷ് പറഞ്ഞത്. 

കർഷകരുടെ ദേഹത്തുകൂടി ഓടിച്ചുകയറ്റിയ വാഹനം തൻ്റെതാണെന്ന്  ആശിഷ് സമ്മതിച്ചു. തൊട്ടുപുറകിലുണ്ടായിരുന്ന വാഹനം അങ്കിത് ദാസ് എന്ന ബിജെപി നേതാവിൻ്റെതാണ്. 

ഒളിവിലുള്ള അങ്കിത് ദാസിനെക്കുറിച്ച് പിന്നീടു വിവരമൊന്നും കിട്ടിയില്ലെന്നാണ് ആശിഷിൻ്റെ  മൊഴി. മകൻ്റെ  കൈവശം തോക്കുണ്ടെങ്കിൽ അതിനു ലൈസൻസുമുണ്ടാകുമെന്ന് അജയ് മിശ്ര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.