ലഖിംപൂര്‍ കര്‍ഷക കൊലപാതകം: സുപ്രീംകോടതി സ്വമേധയാ കേസെടുത്തു, നാളെ പരിഗണിക്കും

supreme
 

ന്യൂഡല്‍ഹി: ലഖിംപൂരില്‍ കര്‍ഷകരെ വാഹനംകയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഹരജി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ആരോപണ വിധേയന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനായതിനാല്‍ കേസ് ഉത്തര്‍പ്രദേശ്‌ പോലീസ് അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ട് അഭിഭാഷകര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. കോടതി മേല്‍നോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണമാണ് ഇക്കാര്യത്തില്‍ ആവശ്യമെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. ഈ കത്തിന്റെകൂടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.

ഞായറാഴ്ച വൈകീട്ടാണ് ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധ സമരം നടത്തിയ കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ വാഹനം ഓടിച്ചുകയറ്റിയത്. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേരാണ് ഇതില്‍ കൊല്ലപ്പെട്ടത്. വാഹനമോടിച്ചത് അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. അദ്ദേഹത്തിനെതിരെ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല.

അതിനിടെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ലഖിംപൂരിലെത്തി കര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ തുടങ്ങിയവരും ഇവര്‍ക്കൊപ്പമുണ്ട്.