ലഖിംപൂര്‍ ഖേരി സംഘര്‍ഷം: മന്ത്രി പുത്രന്‍ ആശിഷ് മിശ്ര സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് യുപി പോലിസിന്‍റെ കുറ്റപത്രം

ashish mishra
 

ലഖ്‌നോ: ലഖിംപൂര്‍ ഖേരി കര്‍ഷക സംഘര്‍ഷത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് ഉത്തര്‍പ്രദേശ് പോലിസിന്‍റെ കുറ്റപത്രം. യുപി പോലിസിന്റെ പ്രത്യേക അന്വേഷണസംഘം പ്രാദേശിക കോടതിയില്‍ സമര്‍പ്പിച്ച 5,000 പേജുള്ള കുറ്റപത്രത്തിലാണ് ആശിഷ് മിശ്രയുടെ പങ്ക് വ്യക്തമാക്കുന്നത്. 

ഒക്ടോബറില്‍ കര്‍ഷക സമരത്തിന് നേരേ വാഹനമിടിച്ച്‌ കയറ്റിയതിനെത്തുടര്‍ന്ന് നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടെ എട്ടുപേരാണ് കൊല്ലപ്പെട്ടത്.  തുടക്കം മുതല്‍ ആശിഷ് മിശ്ര സംഭവസ്ഥലത്തില്ലായിരുന്നുവെന്നാണ് കേന്ദ്രമന്ത്രി അജയ് മിശ്രയും ബിജെപി നേതാക്കളും അവകാശപ്പെട്ടിരുന്നത്. പോലിസും ആദ്യം പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. 

എന്നാല്‍ പിന്നീട് ആശിഷ് മിശ്ര സ്ഥലത്തുണ്ടായിരുന്നുവെന്നും കര്‍ഷകര്‍ക്കുനേരേ വാഹനത്തിലുണ്ടായിരുന്നവര്‍ വെടിയുതിര്‍ത്തുവെന്നും റിപോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതൊക്കെ ശരിവയ്ക്കുന്നതാണ് യുപി പോലിസിന്റെ കുറ്റപത്രം. കര്‍ഷക സമരസ്ഥലത്തേക്കെത്തിയ എസ്‌യുവികളിലൊന്നില്‍ കേന്ദ്രമന്ത്രിയുടെ മകനുണ്ടായിരുന്നുവെന്നാണ് പോലിസ് സ്ഥിരീകരിക്കുന്നത്.