ജമ്മു-ശ്രീനഗർ ദേശീയപാതയിൽ മണ്ണിടിച്ചിൽ; ഒരാൾ മരിച്ചു; ആറു പേര്‍ക്ക് പരിക്ക്‌

landslide in jammu srinagar national high way
 


ശ്രീനഗര്‍: ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ചൊവ്വാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സുര്‍ജീത് സിങ് എന്നയാളാണ് മരിച്ചത്. മുഹമ്മദ് താജ്, റുബീന ബീഗം, സക്കീന ബീഗം, സല്‍മ ബാനി, അമീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

ഉച്ചയ്ക്ക് 2.30-ഓടെ റംബാന്‍ ജില്ലയിലെ സെരി ഗ്രാമത്തിലെ 270 കി.മീ നീളമുള്ള ഹൈവേയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ദേശീയപാതയിലൂടെ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. നൂറുകണക്കിന് വാഹനങ്ങൾ ഇരുവശത്തുമായി കുടുങ്ങിയതായും പോലീസ് അറിയിച്ചു.

ഹൈവേയിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ബന്ധപ്പെട്ട ഏജൻസികളുടെ റോഡ് ക്ലിയറൻസ് ഓപ്പറേഷൻ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ മുസ്സരത്ത് ഇസ്ലാം പറഞ്ഞു.  പരിക്കേറ്റ ആറുപേരെയും രക്ഷപ്പെടുത്തി റമ്പാൻ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി രക്ഷാപ്രവർത്തനത്തിന് മുസ്സരത്ത് ഇസ്ലാം പറഞ്ഞു. ഇവരിൽ അഞ്ച് പേരെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളേജ് (ജിഎംസി) ആശുപത്രിയിലേക്ക് കൊണ്ടുപോയി.
 
മണ്ണിടിച്ചിലില്‍ രണ്ടു വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് റോഡ് പൂര്‍ണമായും തടസ്സപ്പെട്ട നിലയിലാണ്.