ജമ്മുകശ്മീരിലെ സാംബയിൽ വന്‍ ആയുധ ശേഖരം പിടികൂടി

drone

ശ്രീനഗര്‍: ജമ്മുകശ്മീരിലെ സാംബയിൽ വന്‍ ആയുധ ശേഖരം പിടികൂടി. ഡ്രോണ്‍ ഉപയോഗിച്ചാണ് ആയുധങ്ങള്‍ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. കശ്മീരിലേക്ക് ഭീകരര്‍ ഡ്രോണില്‍ ആയുധം എത്തിക്കുന്നുണ്ടെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. 

ജമ്മു വിമാനത്താവളത്തിലെ ഡ്രോണ്‍ ആക്രമണത്തിന് മുന്‍പും ഭീകരര്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പലതവണ കണ്ടെത്തിയിരുന്നു. അതിർത്തിക്കപ്പുറത്ത് നിന്നയച്ച നിരവധി ഡ്രോണുകള്‍ ഇതിനോടകം സുരക്ഷാസേന വെടിവെച്ചിട്ടുണ്ട്.

2019 ആഗസ്റ്റില്‍ പഞ്ചാബിലെ അമൃത്സറില്‍ ഹെക്സാകോപ്ടര്‍ ഡ്രോണ്‍ തകര്‍ന്ന നിലയില്‍ പൊലീസ് കണ്ടെത്തിയിരുന്നു. തൊട്ടടുത്ത മാസം തരന്‍ താരനില്‍ പിടിയിലായ ഭീകരരില്‍ നിന്ന് ഡ്രോണുകളിലൂടെ ആയുധക്കടത്ത് നടക്കുന്നതായി വിവരം ലഭിച്ചു. തോക്കുകളും ഗ്രനേഡുകളും വയര്‍ലെസും, പണവും ഡ്രോണുകളിലൂടെ കടത്തിയെന്നതായിരുന്നു കണ്ടെത്തിയത്.