പാക് ചാരസംഘടനക്ക് വിവരങ്ങൾ ചോർത്തൽ; അറസ്റ്റിലായ ഡിആർഡിഒ ശാസ്ത്രജ്ഞൻ ജുഡീഷ്യൽ കസ്റ്റഡിയിൽ

പൂനെ: പാക്കിസ്താൻ ചാരസംഘടനയ്ക്ക് രഹസ്യ വിവരങ്ങൾ കൈമാറിയതിന് അറസ്റ്റിലായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷനിലെ (ഡിആർഡിഒ) ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കർ ജുഡീഷ്യൽ കസ്റ്റഡിയിൽ. പൂനെയിലെ പ്രത്യേക കോടതിയാണ് മെയ് 29 വരെ പ്രദീപ് കുരുൽക്കറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
പൂനെയിലെ ഡിഫൻസ് റിസർച്ച് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) ലാബിൽ ഡയറക്ടറായ കുരുൽക്കറിനെ മെയ് മൂന്നിനാണ് മഹാരാഷ്ട്ര പോലീസിന്റെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്. വിചാരണക്കിടെ തനിക്ക് ശാരീരിക പ്രശ്നങ്ങളുണ്ടെന്നും മരുന്നുകളും വീട്ടിലെ ഭക്ഷണവും വേണമെന്നും കുരുൽക്കർ ആവശ്യപ്പെട്ടിരുന്നു.
മരുന്ന് നൽകാൻ കോടതി അനുമതി നൽകിയെങ്കിലും വീട്ടിൽ നിന്ന് ഭക്ഷണം എത്തിക്കണമെന്ന ആവശ്യം നിരസിച്ചു.അടുത്ത 14 ദിവസത്തേക്കാണ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഇയാളുടെ മൊബൈൽ ഫോൺ വിശകലനം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ച പ്രത്യേക കോടതി ഇയാളുടെ പോലീസ് കസ്റ്റഡി ചൊവ്വാഴ്ച വരെ നീട്ടിയിരുന്നു.