ഇന്ത്യ വിട്ടത് യുഎസില്‍ ചികിത്സയ്ക്ക് പോകാന്‍; കോടതിയില്‍ മെഹുൽ ചോക്സി

choksi

ന്യൂഡല്‍ഹി: അമേരിക്കയില്‍ ചികിത്സയ്ക്ക് പോകുന്നതിനാണ് ഇന്ത്യ വിട്ടതെന്നും താന്‍ നിയമം അനുസരിക്കുന്ന പൗരനാണെന്നും പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) തട്ടുപ്പുകേസിലെ പ്രതിയായ രത്‌നവ്യാപാരി മെഹുല്‍ ചോക്‌സി. ഡൊമിനിക്ക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ചോക്‌സി ഈ അവകാശവാദം ഉന്നയിച്ചത്. 

ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറുന്ന വിഷയം ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് സത്യവാങ്മൂലം നൽകിയത്. എട്ട് പേജുള്ള സത്യവാങ്മൂലമാണ് സമർപ്പിച്ചത്. ഇന്ത്യ വിടുന്ന സമയത്ത് തനിക്കെതിരെ വാറണ്ടൊന്നും ഉണ്ടായിരുന്നില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ണുവെട്ടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ചോക്‌സി സത്യവാങ്മൂലത്തില്‍ പറയുന്നു. 

അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് താനുമായി അഭിമുഖം നടത്തേണ്ടതുണ്ടെങ്കില്‍ അതിന് അവരെ ക്ഷണിച്ചിരുന്നുവെന്നും ചോക്‌സി അവകാശപ്പെട്ടു. താനുമായി അഭിമുഖം നടത്താനും തന്നില്‍നിന്ന് എന്തെങ്കിലും ആരായാനുണ്ടെങ്കില്‍ ചോദിച്ചറിയാനും ആവശ്യപ്പെട്ട് ഇന്ത്യന്‍ അധികൃതര്‍ക്ക് ക്ഷണപത്രം അയച്ചിരുന്നു എന്നാണ് ചോക്‌സിയുടെ അവകാശവാദം.

2018 ജനുവരിയിലാണ് ചോക്‌സിയും അനന്തരവൻ നീരവ് മോദിയും ഇന്ത്യയിൽ നിന്ന് കടന്നത്. കോടികളുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച വാർത്തകൾ പുറത്തു വരുന്നതിന് തൊട്ടുമുൻപാണ് ഇരുവരും രാജ്യം വിട്ടത്. ഉദ്യോഗസ്ഥർക്ക് കോഴ നൽകി ലെറ്റർ ഓഫ് അണ്ടർടേക്കിങുകൾ സ്വന്തമാക്കുകയും അതുപയോഗിച്ച് വിദേശ ബാങ്കുകളിൽ നിന്ന് വൻതുക കടമെടുക്കുകയും അത് തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്തുവെന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുള്ളത്.

ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് കടന്ന ചോക്‌സി കരീബിയൻ രാജ്യമായ ആന്റി​ഗ്വയിൽ പൗരത്വം നേടി കഴിയുകയായിരുന്നു. അവിടെ നിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഡൊമിനിക്കയിൽ പിടിയിലായത്.