സ്വവർഗ വിവാഹങ്ങളുടെ നിയമസാധുത; ഹർജികളിൽ വാദം പൂർത്തിയായി; കേസ് വിധി പറയാൻ മാറ്റി

ന്യൂഡല്‍ഹി: സ്വവർഗ വിവാഹങ്ങളുടെ നിയമസാധുത തേടിയുള്ള ഹർജികൾ ഭരണഘടന ബെഞ്ച് വാദം പൂർത്തിയാക്കി. ഹർജി വിധി പറയാൻ മാറ്റി. സ്വവർഗ്ഗ പങ്കാളികൾക്ക് ചില ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന കാര്യം പരിശോധിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പഠിക്കാൻ കാബിനറ്റ് സെക്രട്ടറി അദ്ധ്യക്ഷനായ കമ്മിറ്റിക്ക് രൂപം നൽകുമെന്നും അറിയിച്ചിരുന്നു.
ബാങ്ക് അക്കൗണ്ട്, പെൻഷൻ, ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങളിലെ അവകാശം പരിശോധിക്കും എന്നും കേന്ദ്രം വ്യക്തമാക്കി.
അതേസമയം സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകുന്ന കാര്യത്തിൽ പൊതു സദാചാരം പരിഗണിച്ചാവില്ല തീരുമാനമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഭരണഘടന അനുസരിച്ചാവും തീരുമാനമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
വിവാഹത്തിന് നിയമസാധുത നൽകാതെ പങ്കാളികൾക്ക് സംരക്ഷണം ഉറപ്പാക്കാൻ എങ്ങനെ കഴിയും എന്നറിയിക്കാൻ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു. ബാങ്ക് അക്കൗണ്ട് തുറക്കാനും ഇൻഷുറൻസ് രേഖകളിൽ നോമിനിയെ നിർദ്ദേശിക്കാനുമൊക്കെ എന്തു ചെയ്യാനാകും എന്ന് പരിശോധിക്കാനാണ് കോടതി നിർദ്ദേശം നൽകിയത്.