×

മദ്യനയ അഴിമതിക്കേസ്: കേജ്‍രിവാളിനോട് ഫെബ്രുവരി 17ന് നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവ്

google news
Sb

ന്യൂഡൽഹി: ഡൽഹി മദ്യമനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ഫെബ്രുവരി 17ന് നേരിട്ട് ഹാജരാകണമെന്ന് ഡൽഹി റോസ് അവന്യൂ കോടതിയുടെ ഉത്തരവ്. അന്വേഷണവുമായി സഹകരിക്കാത്തത് എന്തുകൊണ്ടെന്ന് കേജ്‍രിവാൾ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അ‍ഞ്ചു തവണ ഇഡി നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിനു പിന്നാലെയാണ് കോടതിയുടെ ഉത്തരവ്. കേജ്‍രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇഡി നൽകിയ ഉത്തരവിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഡൽഹി സർക്കാരിന്റെ മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടുളള കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച് വിവരങ്ങള്‍ തേടുന്നതിനാണ് ഇഡി മുഖ്യമന്ത്രിയെ വിളിപ്പിച്ചത്. 

    

അതേസമയം, ഡൽഹി ജലബോർഡിലെ ടെൻഡർ നടപടികളിൽ ക്രമക്കേട് ആരോപിച്ച് അരവിന്ദ് കേജ്‍രിവാളിന്റെ പഴ്സനൽ അസിസ്റ്റന്‍റ് ഉൾപ്പടെയുള്ളവരുടെ ഓഫിസുകളിലും വീടുകളിലും ഇ‍ഡി പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ പഴ്സനൽ അസിസ്റ്റന്റ് വൈഭവ് കുമാർ‌, ജല ബോർഡ് മുൻ അംഗം ശലഭ് കുമാർ, എഎപിയുടെ രാജ്യസഭാംഗം എൻ.ഡി.ഗുപ്ത, ചാർട്ടേഡ് അക്കൗണ്ടന്റ് പങ്കജ് മംഗൽ എന്നിവരുടെയും എഎപിയുമായി ബന്ധമുള്ള മറ്റ് ചിലരുടെയും ഉടമസ്ഥതയിലുള്ള 12 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. ടെൻഡറുകളിൽ ക്രമക്കേട് നടത്തി ലഭിച്ച തുക എഎപിയുടെ ഫണ്ടിലേക്ക് വകമാറ്റിയെന്നാണ് കേസ്.