ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായ 11 ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. രോഗ സ്ഥിരീകരണ നിരക്ക് കൂടുതലുള്ള ചിക്കമഗളൂരു, ശിവമൊഗ്ഗ, ദാവന്‍ഗരെ, മൈസൂരു, ചാമരാജ്നഗര്‍, ഹാസന്, ദക്ഷിണ കന്നട, ബംഗളൂരു റൂറല്‍, മാണ്ഡ്യ, ബെളഗാവി, കുടക് എന്നീ 11 ജില്ലകളിലാണ് ജൂണ്‍ 21വരെ ലോക്ക് ഡൗണ്‍ നീട്ടിയത്.
കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ കന്നട, കുടക്, ചാമരാജ് നഗര്‍ തുടങ്ങിയ ജില്ലകളിലും ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്. രോഗ സ്ഥിരീകരണ നിരക്ക് അഞ്ചുശതമാനത്തില്‍ താഴെ എത്തിക്കുന്നതുവരെ 11 ജില്ലകളിലും കര്‍ശന നിയന്ത്രണം തുടരാനും പരിശോധന കൂട്ടാനുമാണ് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ നിര്‍ദേശം നല്‍കിയത്.
അതേസമയം, മറ്റു ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ അണ്‍ലോക്ക് പ്രക്രിയ ആരംഭിക്കും. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തെതുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ജൂണ്‍ 14ന് പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ജൂണ്‍ 14 മുതല്‍ ബംഗളൂരു അര്‍ബന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ 20 ജില്ലകളില്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകളുണ്ടാകും. ആദ്യഘട്ട അണ്ലോക്കായിരിക്കും തിങ്കളാഴ്ച മുതല്‍ ഈ ജില്ലകളില്‍ നടപ്പാക്കുക. ജൂണ്‍ 21വരെയാണ് ഈ ജില്ലകളില്‍ കൂടുതല്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. ഒരോ ഘട്ടം ഘട്ടം ആയിട്ടായിരിക്കും അണ്‍ലോക്ക് നടപ്പാക്കുക. ഹോട്ടലുകളില്‍ പാര്‍സല്‍ സംവിധാനം തുടരും. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ആറു മുതല്‍ രണ്ടുവരെ തുറക്കാം.
ലോക്ക്ഡൗണില്‍ രാവിലെ പത്തുവരെ മാത്രമാണ് തുറക്കാന്‍ അനുമതിയുള്ളത്. കെട്ടിട നിര്‍മാണ പ്രവൃത്തി തുടരാം. രണ്ടു യാത്രക്കാരുമായി ഒാട്ടോ, ടാക്സി സര്‍വീസുകള്‍ നടത്താം. പ്രഭാത സവാരിക്കായി രാവിലെ അഞ്ചു മുതല്‍ പത്തുവരെ പാര്‍ക്കുകള്‍ തുറക്കാം. തെരുവു കച്ചവടക്കാര്‍ക്ക് രാവിലെ ആറു മുതല്‍ ഉച്ചക്ക് രണ്ടുവരെ കച്ചവടം നടത്താം.
ബി.എം.ടി.സി, മെട്രോ ട്രെയിന്‍ സര്‍വീസ് ജൂണ്‍ 21വരെ ഉണ്ടാകില്ല. വ്യവസായ സ്ഥാപനങ്ങള്‍ 50ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം. ഗാര്‍മന്റ് ഫാക്ടറികള്‍ 30ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം. ഇളവുകളുള്ള ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ രാത്രി ഏഴു മുതല്‍ രാവിലെ അഞ്ചുവരെ രാത്രി കര്‍ഫ്യൂ ഉണ്ടാകും.
Comments