വനിത സംവരണ ബില്ലിന്മേൽ ലോക്സഭയിൽ ഇന്ന് ചർച്ച; സോണിയ ഗാന്ധിയും, സ്മൃതി ഇറാനിയും പങ്കെടുക്കും

google news
parliament

ദില്ലി : വനിത സംവരണ ബില്ലിന്മേൽ പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്സഭയിൽ ഇന്ന് ചർച്ച നടക്കും. പ്രതിപക്ഷത്ത് നിന്ന് സോണിയ ഗാന്ധിയും, ഭരണപക്ഷത്ത് നിന്ന് മന്ത്രി സ്മൃതി ഇറാനിയും ആദ്യം ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം. ബിൽ നാളെ രാജ്യസഭയിലും അവതരിപ്പിക്കും. അഡ്വക്കേറ്റസ് ഭേദഗതി ബില്ലടക്കം ഇന്ന് സഭയിൽ വരാനിടയുണ്ട്.

ബിജെപിക്ക് ഏതു കാര്യത്തിനും അതിന്റേതായ സമയമുണ്ട്. ചില പ്രധാന കാര്യങ്ങൾക്കുള്ള സമയം തിരഞ്ഞെടുപ്പിനോട് അടുത്താണ്. അതാണ് വനിതാ സംവരണ ബില്ലിന്റെ കാര്യത്തിലും സംഭവിക്കുന്നത്.

chungath 1

ലോക്സഭയിലെ അംഗബലവും രാജ്യസഭയിൽ പ്രതിപക്ഷത്തുനിന്നു ലഭിക്കാവുന്ന പിന്തുണയും പരിഗണിക്കുമ്പോൾ, മോദി സർക്കാരിനു ബിൽ നേരത്തേതന്നെ പാസാക്കിയെടുക്കാമായിരുന്നു. 2014ൽ അതിനു ശ്രമിച്ചില്ല. മോദി സർക്കാരിന്റെ മറ്റു പല നിയമനിർമാണങ്ങളും ഭരണഘടനാ ഭേദഗതികളും പോലെയല്ല, പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് ഉൾപ്പെടെ വനിതാ സംവരണം ആവശ്യപ്പെടുന്നതാണ്. അതുകൊണ്ടുതന്നെ, വിവാദസ്വഭാവമുള്ളതെന്ന കാരണംപോലും വനിതാ ബില്ലിന്റെ കാര്യത്തിൽ പറയാനാവില്ല. 2019ലെ പ്രകടനപത്രികയിൽ ഇതു ബിജെപിയുടെ വാഗ്ദാനവുമായിരുന്നു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും ഒഴിവാക്കാനുള്ള ഭരണഘടനാഭേദഗതികൾ കൊണ്ടുവന്ന രീതിയും അതിനു കാട്ടിയ തിടുക്കവും ഇപ്പോഴത്തെ സമീപനവുമായി ചേർത്തുവായിക്കാവുന്നതാണ്. ഉടൻ നടപ്പാക്കാനാവില്ലെന്ന ഉത്തമ ബോധ്യത്തോടെയാണ് വനിതാ ബിൽ കൊണ്ടുവന്നിട്ടുള്ളത്. സെൻസസ്, മണ്ഡല പുനഃക്രമീകരണം തുടങ്ങിയ കാരണങ്ങൾ ബില്ലിൽതന്നെ പറയുന്നുണ്ട്. ബിൽ പാസാക്കാൻ നിശ്ചയദാർഢ്യവും കഴിവുമുള്ളവരെന്ന് പൊതുതിരഞ്ഞെടുപ്പിൽ അവകാശപ്പെടുകയും അതിലൂടെ സ്ത്രീ വോട്ടർമാരെ പരമാവധി ആകർഷിക്കുകയും ചെയ്യാം. മണ്ഡല പുനഃക്രമീകരണമുൾപ്പെടെ ഉദ്ദേശിക്കുംവിധം പൂർത്തിയായാൽ 2029ലെ തിരഞ്ഞെടുപ്പിലും വനിതാ സംവരണത്തിന്റെ പേരു പറയാം; നിയമസഭാ തിരഞ്ഞെടുപ്പുകളിലും അതു നേട്ടമാക്കാം.

ആദ്യം സെൻസസ്, പിന്നെ മണ്ഡല പുനഃക്രമീകരണം, അതിനുശേഷം മാത്രം വനിതാ സംവരണം – ഇതാണ് മോദി സർക്കാർ മുന്നോട്ടുവച്ചിരിക്കുന്ന വഴി. സെൻസസും മണ്ഡല പുനഃക്രമീകരണവും സമയമെടുക്കുന്ന പ്രക്രിയകളാണ്.

വനിതാ സംവരണത്തിൽ വിവിധ പാർട്ടികൾക്കുള്ള നിലപാട് പരിഗണിക്കുമ്പോൾ, ഭരണഘടനാഭേദഗതിക്ക് പകുതിയോളം സംസ്ഥാനങ്ങളുടെ അംഗീകാരം നേടുകയെന്നതു സമയമെടുക്കുന്ന കാര്യമല്ല. പക്ഷേ, സെൻ‍സസ് എപ്പോൾ നടക്കുമെന്നു വ്യക്തതയില്ല. ഈ അവ്യക്തത സംവരണം നടപ്പാക്കലിനെയും ബാധിക്കും. എങ്ങനെയുള്ള മണ്ഡലപുനഃക്രമീകരണമാണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്നതും പ്രസക്തമാണ്. മണ്ഡലങ്ങളുടെ എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക, മണ്ഡലങ്ങളുടെ അതിരുകൾ മാറ്റുക – ഇങ്ങനെ രണ്ടുവിധമാണു പുനഃക്രമീകരണം.

10 വർഷത്തിലൊരിക്കലുള്ള സെൻസസ് കഴിഞ്ഞാൽ ലോക്സഭയുടെയും നിയമസഭകളുടെയും മണ്ഡലപുനഃക്രമീകരണം നടത്തണമെന്നാണു വ്യവസ്ഥ. 1961ലും 1971ലും സെൻസസിന്റെ അടിസ്ഥാനത്തിൽ ലോക്സഭാ മണ്ഡലങ്ങൾ പുനഃക്രമീകരിച്ചു. അങ്ങനെ ഇപ്പോഴത്തെ 543 സീറ്റ് എന്ന കണക്കിലെത്തി.

1976ൽ പാസാക്കിയ 42ാം ഭരണഘടനാ ഭേദഗതിയിലൂടെ ലോക്സഭാ മണ്ഡലങ്ങളുടെ പുനഃക്രമീകരണം 2001ലെ സെൻസസ് വരെ മരവിപ്പിച്ചു. പുനഃക്രമീകരണം വീണ്ടും 25 വർഷത്തേക്കുകൂടി മരവിപ്പിക്കാൻ 2001ൽ, വാജ്പേയി സർക്കാരിന്റെ കാലത്ത് ഭരണഘടനാ ഭേദഗതി പാസാക്കി. 2026നുശേഷമുള്ള സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡലപുനഃക്രമീകരണമെന്നാണ് അതിലൂടെ വ്യക്തമായത്.

ഇപ്പോഴത്തെ സ്ഥിതിയെടുത്താൽ, 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് മാറ്റിവച്ചു. അടുത്ത വർഷം പൊതു തിരഞ്ഞെടുപ്പാണ്. അതിനു മുൻപ് സെൻസസ് നടപടികൾ തുടങ്ങാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. തിരഞ്ഞെടുപ്പിനുശേഷം സെൻസസും അതിന്റെ അടിസ്ഥാനത്തിൽ പുനഃക്രമീകരണവും സാധ്യമായാൽ 2029ലെ പൊതു തിരഞ്ഞെടുപ്പിൽ വനിതാ സംവരണ വ്യവസ്ഥ പാലിക്കപ്പെടുമെന്നു കണക്കാക്കാം. പുനഃക്രമീകരണത്തിനു ശേഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിലും സംവരണ തത്വം പാലിക്കപ്പെടും.

എന്നാൽ, അത്രവേഗം കാര്യങ്ങൾ നടക്കുമോ? നിലവിൽ ഭരണഘടനയിൽ പറയുന്നതനുസരിച്ചാണെങ്കിൽ, 2026നുശേഷമുള്ള സെൻസസിന്റെ അടിസ്ഥാനത്തിലാണ് പുനഃക്രമീകരണം നടക്കേണ്ടത്. നടപടികൾ വേഗത്തിലാക്കണമെങ്കിൽ ഈ വ്യവസ്ഥ ഭേദഗതി ചെയ്യണം. അതിനു പകരം, 2026നുശേഷം സെൻസസ് എന്നു സർക്കാർ തീരുമാനിക്കുമോയെന്ന് ഇപ്പോൾ വ്യക്തമല്ല.

മണ്ഡലപുനഃക്രമീകരണത്തിന് ആളെണ്ണ അനുപാതം കർശനമായി പാലിക്കാൻ സർക്കാർ തീരുമാനിക്കുമോയെന്നതും ഇപ്പോൾ വ്യക്തതയില്ലാത്ത സംഗതിയാണ്. ആളെണ്ണ അനുപാതത്തിൽ പുനഃക്രമീകരണം നടത്തിയാൽ കേരളത്തിൽ 20 ലോക്സഭാ സീറ്റ് എന്ന സ്ഥിതി തുടരാമെന്നും യുപിയുൾപ്പെടെ ചില സംസ്ഥാനങ്ങളിൽ സീറ്റെണ്ണം വർധിക്കാമെന്നുമാണു ചില പഠനങ്ങൾ പറയുന്നത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം