മധ്യപ്രദേശിലും ഛത്തീസ്ഗഢിലും പോളിങ് അവസാനിച്ചു

google news
adas
 chungath new advt

ഭോപാല്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലും രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢിലും പോളിങ് അവസാനിച്ചു. അഞ്ചുമണിവരെ മധ്യപ്രദേശില്‍ 71.16 ശതമാനവും ഛത്തീസ്ഗഢില്‍ 68.15 ശതമാനവും പേര്‍ വോട്ടുരേഖപ്പെടുത്തി. 

മധ്യപ്രദേശില്‍ രാവിലെ ഏഴുമണിക്കാണ് പോളിങ് ആരംഭിച്ചത്. വോട്ടെടുപ്പ് ദിനത്തില്‍ പലയിടത്തായി സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നക്‌സല്‍ ബാധിത മേഖലകളായ ബലാഘട്ട്, മണ്ഡല, ദിന്‍ദോരി ജില്ലകളില്‍ പോളിങ് മൂന്ന് മണിക്ക് അവസാനിച്ചു.

മെഹ്‌ഗോണില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്കും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനും അജ്ഞാതന്റെ വെടിയേറ്റു. ഛത്തര്‍പുരിലെ രാജ്‌നഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. എതിരാളികള്‍ തന്നെ കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ചുവെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിക്രം സിങ് നാതി രാജ ആരോപിച്ചു. താന്‍ പെട്ടെന്ന് കാറിലേക്ക് കയറിയെന്നും സല്‍മാന്‍ എന്ന പ്രവര്‍ത്തകനെ കാര്‍ കയറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആരോപിച്ചു.

കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമര്‍ ജനവിധി തേടുന്ന ദിമാനിയിലെ രണ്ടു ബൂത്തില്‍ കല്ലേറില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഇന്ദോറിലെ രാഊ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ബി.ജെ.പി. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു.

ഛത്തീസ്ഗഢില്‍ രാവിലെ എട്ടുമുതല്‍ അഞ്ചുവരെയായിരുന്നു പോളിങ്. ബിന്ദ്രനവാഗഢിലെ നക്‌സല്‍ ബാധിതമായ ഒമ്പത് പോളിങ് സ്‌റ്റേഷനുകളില്‍ രാവിലെ ഏഴുമുതല്‍ മൂന്നുവരെയായിരുന്നു പോളിങ്. 90 അംഗ നിയമസഭയിലെ നിർണായകമായ 70 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. 

നക്സൽ ബാധിത മേഖലയായ ബിന്ദ്രാൻവാഗഡിലെ അഞ്ച് പോളിങ് ബൂത്തുകളില്‍ എഴ് മുതല്‍ വൈകിട്ട് മൂന്ന് വരെയായിരുന്നു പോളിങ്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഉപമുഖ്യമന്ത്രി ടിഎസ് സിംഗ്ദേവ്,  ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അരുൺ സാവു,  ഉള്‍പ്പെടെയുള്ളവർ രണ്ടാം ഘട്ടത്തില്‍ മത്സര രംഗത്തുണ്ട്.

ഗരിയാബന്ധില്‍ മാവോവാദി ആക്രമണത്തില്‍ ഐ.ടി.ബി.പി. ജവാന്‍ കൊല്ലപ്പെട്ടു. പോളിങ് അവസാനിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങുമ്പോഴായിരുന്നു ആക്രമണം. ഐ.ടി.ബി.പി. ഹെഡ് കോണ്‍സ്റ്റബിള്‍ ജോഗിന്ദര്‍ സിങ്ങാണ് കൊല്ലപ്പെട്ടത്.
 

  

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു