മലയാളം ഇനി ആരോഗ്യത്തിന് ഹാനികരമല്ല; വിവാദ ഉത്തരവ് പിൻവലിച്ച് ഡൽഹി ജിബി പന്ത് ആശുപത്രി

delhi

ന്യൂഡൽഹി: തൊഴിൽ സമയത്ത് മലയാളം സംസാരിക്കരുതെന്ന് നിർദേശം വിവാദമായതിന് പിന്നാലെ സർകുലർ പിൻവലിച്ച് ഡൽഹിയിലെ ജിബി പന്ത് ആശുപത്രി. തങ്ങളുടെ അറിവോടെയല്ല സർക്കുലർ പുറത്തിറങ്ങിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് ആശുപത്രിയിൽ സർക്കുലർ ഇറക്കിയത്. നഴ്സങ് ജീവനക്കാർ തമ്മിൽ മലയാളം സംസാരിക്കുന്നത് രോഗികൾക്കും സഹപ്രവർത്തകർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

തൊഴിൽ സമയത്ത് ഹിന്ദി,ഇംഗ്ലീഷ് മാത്രമേ സംസാരിക്കാൻ പാടുള്ളു എന്നും പറഞ്ഞിരുന്നു. എന്നാൽ ആശുപത്രിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പ്രാദേശിക ഭാഷ തന്നെയാണ് സംസാരിക്കുന്നത്. ഉത്തരവ് വിവാദമായതിന് പിന്നാലെ പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പറഞ്ഞിരുന്നു.