ഡൽഹി ജിബിപി പന്ത് ആശുപത്രിയിൽ മലയാളം സംസാരിക്കുന്നത് വിലക്ക്; ഉത്തരവിനെതിരെ പ്രതിഷേധം

hospital

ന്യൂഡൽഹി: ഡൽഹി ജിബിപി പന്ത് ആശുപത്രിയിൽ മലയാളം സംസാരിക്കുന്നത് വിലക്കികൊണ്ട് ഉത്തരവ് ഇന്നലെ ഇറങ്ങിയിരുന്നു. ഇപ്പോൾ  ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് നഴ്സുമാർ. ഇന്നലെ  നഴ്സിംഗ് സൂപ്രണ്ടാണ്  മലയാളം സംസാരിക്കുന്നതിൽ നിന്ന് ജീവനക്കാരെ വിലക്കി ഉത്തരവിറക്കിയത്.

വിഷയത്തിൽ ഇന്നലെ രാത്രിയിൽ ഓൺലൈൻ മുഖേന ചേർന്ന   നഴ്സുമാരുടെ യോഗം ആക്ഷൻ കമ്മിറ്റി രൂപീകരിച്ച ഇന്ന് മുതൽ പ്രക്ഷോഭം ശക്തമാക്കാൻ തീരുമാനിച്ചു . ആശുപത്രിയിലെ ഭൂരിഭാഗം രോഗികൾക്കും സഹപ്രവർത്തകർക്കും മലയാളം സംസാരിക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് വാദം നഴ്സുമാർ തള്ളി.

ഈ കോവിഡ് കാലത്ത് സമയപരിമിതിയില്ലാതെ ജോലി ചെയ്യുന്ന നഴ്സുമാർക്ക്  മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നതാണ് പുതിയ ഉത്തരവെന്നും ആരോപണം. അതേ സമയം വിഷയത്തിൽ ഇടപെട്ട് കേരളത്തിൽ നിന്നുള്ള എംപിമാർ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ആരോഗ്യമന്ത്രി ഹര്ഷവര്ധനോട്  ആവശ്യപ്പെട്ടു. തൊഴിൽ സമയത്ത് ജീവനക്കാർ ഹിന്ദി,ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ. മലയാളത്തിൽ സംസാരിച്ചാൽ ശിക്ഷാനടപടി നേരിടണമെന്നും സർക്കുലറിൽ പറയുന്നു.