മമത–അഖിലേഷ് കൂടിക്കാഴ്ച; ലക്ഷ്യം 2024ൽ കോൺഗ്രസ് ഇതര മുന്നണി

mamata banerjee-akhilesh yadav agree on new front without congress
 

കൊൽക്കത്ത: ബിജെപിക്കെതിരെ കോൺഗ്രസ് ഇതര സഖ്യം രൂപീകരിക്കാനൊരുങ്ങി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും. ഇരുവരും ഇന്ന് കൊൽക്കത്തയിൽവച്ച് കൂടിക്കാഴ്ച നടത്തി.  

കോണ്‍ഗ്രസിനെയും ബി.ജെ.പി.യെയും ഒരുപോലെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യം വെച്ചാണ് മുന്നണി നീക്കം. മുന്നണി വിപുലീകരിക്കുന്നതിനായി മമതാ ബാനര്‍ജി ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിനെയും സന്ദര്‍ശിക്കും. ഇതുവഴി ബിജു ജനതാദളിനെക്കൂടി സഖ്യത്തിലേക്ക് കൊണ്ടുവരാനാണ് ശ്രമം.

നിലവില്‍ ബി.ജെ.പി രാഹുല്‍ഗാന്ധിയെയാണ് പ്രതിപക്ഷ കക്ഷികളുടെ മുഖ്യ നേതാവായി ചിത്രീകരിക്കുന്നത്. ഈ നീക്കത്തെ തടയിടലാണ് മമതയുടെയും അഖിലേഷിന്റെയും നേതൃത്വത്തിലുള്ള സഖ്യ കക്ഷികളുടെ ശ്രമം. 

പാര്‍ലമെന്റിലെ പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാക്കളുടെ മൈക്ക് മ്യൂട്ട് ചെയ്‌തെന്ന് ലണ്ടനില്‍വെച്ച് രാഹുല്‍ഗാന്ധി പ്രസംഗിച്ചിരുന്നു. വിവാദമായ ലണ്ടന്‍ പ്രസംഗത്തില്‍ രാഹുലിനെക്കൊണ്ട് മാപ്പു പറയിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. രാഹുലിനെ ഉപയോഗിച്ചുകൊണ്ട് ബി.ജെ.പി. തങ്ങളെയും ലക്ഷ്യമിടുന്നുണ്ടെന്നാണ് മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ കരുതുന്നത്.

  
ബിജെപിയുമായും കോൺഗ്രസുമായും തുല്യം അകലം പാലിക്കുമെന്ന് അഖിലേഷ് യാദവ് അറിയിച്ചു. ബംഗാളിൽ തങ്ങൾ മമതയ്ക്ക് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വാക്സീൻ എടുക്കുന്നവർക്ക് സിബിഐ, ഇഡി, ആദായ നികുതി എന്നിവരെ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പരിഹസിച്ചു. ചില പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര അന്വേഷണ ഏജൻസികളാൽ വേട്ടയാടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.