അനേകം വീഡിയോകള്‍ ഓരോ ദിവസവുമെന്നോണം സോഷ്യല്‍ മീഡിയകളില്‍ വൈറലാവാറുണ്ട്. അതില്‍ നേരേതാണ്, കള്ളമേതാണ് എന്ന് മനസിലാക്കുക വരെ ചിലപ്പോള്‍ പ്രയാസമാണ്.ലൈക്കുകള്‍ക്കും, ഷെയറുകള്‍ക്കും വൈറലാവാനും വേണ്ടിത്തന്നെ അതുപോലെ പല വീഡിയോകളും ആളുകള്‍ ഷെയര്‍ ചെയ്യാറുണ്ട്.
ഏതായാലും ഇപ്പോള്‍ വൈറലാവുന്നത് ഒരു വിവാഹ വീഡിയോയാണ്. ഒരു യുവാവ് ഒരേ സമയം നാല് സ്ത്രീകളെ വിവാഹം കഴിക്കുന്നു എന്നും പറഞ്ഞാണ് വീഡിയോ വൈറലാവുന്നത്. വീഡിയോയില്‍ ഒരു യുവാവ് നാല് സ്ത്രീകളുമായി അഗ്നിക്ക് വലം വയ്ക്കുന്നതാണ് കാണുന്നത്. നാലുപേരും വിവാഹവേഷത്തില്‍ തന്നെയാണ്. നാലുപേരുടെ കഴുത്തിലും ഹാരവും കാണാം.
യുവാവ് പുഞ്ചിരിയോടെയാണ് അഗ്നിക്ക് വലം വയ്ക്കുന്നത്. ഒരു പന്തലിലാണ് ഇത് നടക്കുന്നത്. ചുറ്റുമുള്ളവര്‍ പൂക്കളെറിഞ്ഞ് ഇവരെ ആശീര്‍വദിക്കുന്നുമുണ്ട്. തീര്‍ന്നില്ല പ്രദക്ഷിണം പൂര് ത്തിയാകുമ്പോള് നാലു യുവതികളും യുവാവിന്റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുന്നതും വീഡിയോയില്‍ കാണാം. ഏതായാലും, വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി.
എന്നാല്‍, ഇത് യഥാര്‍ത്ഥ വിവാഹമല്ല. വെറും റീലിന് വേണ്ടി മാത്രം കാട്ടിക്കൂട്ടുന്നതാണ് എന്നാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്. ഒപ്പം ഒരാള്‍ പറഞ്ഞത് റീലിന് വേണ്ടി ഓരോന്ന് കാണിക്കുമ്പോൾ ശരിക്കും വിവാഹത്തിന് ഏത് ദിശയിലാണോ വലം വയ്ക്കുന്നത് അതുപോലും മറന്നു പോയി എന്നാണ്. ഏതായാലും, ആളുകള്‍ ഈ വിവാഹത്തെ വെറും കോമഡിയായിട്ടാണ് കണ്ടിരിക്കുന്നത്. ലൈക്കിനും ഷെയറിനും വേണ്ടി എന്തെല്ലാമാണ് ആളുകള്‍ കാണിക്കുന്നത് എന്നാണ് മറ്റൊരു കൂട്ടം ആളുകള്‍ ചോദിക്കുന്നത്.രണ്ട് ദിവസം മുമ്പ് എക്സില്‍ പങ്കുവച്ച ഈ വീഡിയോ ഇതിനകം 73.2K പേര് ലൈക്ക് ചെയ്തു കഴിഞ്ഞു.