ഭാരത് ജോഡോ യാത്രയുടെ ബാനറിൽ സവർക്കറിന്‍റെ ഫോട്ടോ; മണ്ഡലം പ്രസിഡണ്ടിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്

mandalam president suspended over savarkar photo in bharat jodo yatra incident
 

കൊച്ചി: ഭാരത് ജോഡോ യാത്രാ പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രം വെച്ച സംഭവത്തിൽ നടപടിയുമായി കോൺഗ്രസ്. ഐഎൻടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡണ്ട് സുരേഷിനെ സസ്പെൻഡ് ചെയ്തു. ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി എറണാകുളം നെടുമ്പാശ്ശേരി അത്താണിയിൽ സ്ഥാപിച്ച പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രവും ഉൾപ്പെട്ടത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. 

അബദ്ധം മനസിലായതോടെ കോൺഗ്രസ് പ്രവർത്തകരെത്തി മഹാത്മാ ഗാന്ധിയുടെ ചിത്രം ഉപയോഗിച്ച് മറച്ചെങ്കിലും, സംഭവം ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.  പ്രചാരണ ബോ‍ർഡ് സ്പോൺസർ ചെയ്ത പാർട്ടി അനുഭാവിയ്ക്ക് സംഭവിച്ച പിഴവാണിതെന്നും അബദ്ധം ശ്രദ്ധയിൽപെട്ടപ്പോൾ ഉടൻ തിരുത്തിയെന്നും പ്രാദേശിക കോൺഗ്രസ് നേതാക്കൾ വിശദീകരിച്ചു.
 
സംഭവം മാധ്യമങ്ങളിൽ വലിയ വാർത്തയായതോടെ കോൺഗ്രസ് നേതൃത്വം വെട്ടിലായിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര എറണാകുളം ജില്ലയിൽ പ്രവേശിച്ച ദിവസം കോൺഗ്രസ് മണ്ഡലം പ്രസിഡന്റടക്കമുള്ളവർ ബി.ജെ.പിയിൽ ചേർന്നതും കോൺഗ്രസിന് തിരിച്ചടിയായി.