
ഇംഫാല്‍: വ്യാപക അക്രമ സംഭവങ്ങള്‍ അരങ്ങേറിയ മണിപ്പൂരില്‍ അക്രമം തടയാന്‍ മുന്നറിയിപ്പ് അടക്കമുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുന്ന സാഹചര്യത്തില്‍ വെടിവെക്കാന്‍ ഉത്തരവ്. ഗോത്രവര്‍ഗത്തില്‍പ്പെടാത്ത ഭൂരിപക്ഷക്കാരായ മെയ്തി വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കണമെന്ന ആവശ്യത്തില്‍ പ്രതിഷേധിച്ച് ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ് യൂണിയന്‍ നടത്തിയ ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ചിന് പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
മെയ് മൂന്നിനായിരുന്നു മാര്‍ച്ച്. ഇതേത്തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ വെടിവെപ്പ് നടത്താന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാര്‍ എന്നിവര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് മണിപ്പുര്‍ ഗവര്‍ണറാണ് ഉത്തരവ് ഇറക്കിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ വ്യാപക അക്രമ സംഭവങ്ങള്‍ അരങ്ങേറിയ പശ്ചാത്തലത്തിലാണിത്.
സംഘർഷം രൂക്ഷമായതിനെ തുടർന്ന് മേഖലയിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. നിലവിൽ 7500 ലേറെ പേർ അഭയാർത്ഥി ക്യാമ്പിലെത്തിയിട്ടുണ്ട്. സൈന്യവും പൊലീസും ചേർന്നാണ് സർക്കാർ സ്ഥാപനങ്ങളിൽ അഭയാർത്ഥി ക്യാമ്പുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഇംഫാലടക്കം വിവിധ മേഖലയിൽ ഇപ്പോഴും സംഘർഷം തുടരുകയാണ്. ഇവിടങ്ങളിൽ സൈനിക അർദ്ധ സൈനിക വിഭാഗങ്ങളെ അധികമായി നിയോഗിച്ചിട്ടുണ്ട്. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാൽ ഷൂട്ട് സൈറ്റ് ഓർഡർ ഉപയോഗപ്പെടുത്താനാണ് നിർദേശം.
അക്രമവും തീവെപ്പും അടക്കമുള്ളവ വ്യാപകമായി അരങ്ങേറിയിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടും അക്രമം തടയാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വെടിവെക്കാനുള്ള ഉത്തരവ്.