മനീഷ് സി​സോ​ദി​യ ഏ​ഴ് ദി​വ​സം ഇ​ഡി ക​സ്റ്റ​ഡി​യി​ൽ

ഡൽഹിയിൽ ഓക്‌സിജന്റെ ക്ഷാമം കുറഞ്ഞതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ
 

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി (എ.എ.പി) നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ കോടതി ഏഴ് ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന്റെ കസ്റ്റഡിയില്‍ വിട്ടു.  മൂന്ന് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെ രാത്രിയോടെയാണ് സിസോദിയയെ മദ്യനയ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തത്.

പത്ത് ദിവസത്തേക്കാണ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഏഴ് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. മദ്യനയ അഴിമതിക്കേസില്‍ സി.ബി.ഐ. നേരത്തെ അറസ്റ്റുചെയ്ത അദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് ഇ.ഡി. അറസ്റ്റുചെയ്തത്. സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത കേസില്‍ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരുന്നതാണ്. എന്നാല്‍ അത് മാര്‍ച്ച് 21-ലേക്ക് മാറ്റി.

ഉച്ചയോടെ ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്ത 10 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം. നേരത്തെ അറസ്റ്റിലായ അരുൺ രാമചന്ദ്രപിള്ള സിസോദിയയ്ക്കും കെജ്‌രിവാളിനും വേണ്ടിയാണ് ദക്ഷിണേന്ത്യൻ ലോബിയുടെ മുന്നിൽ ഇടനിലക്കാരനായതെന്ന് ഇ.ഡി ആരോപിച്ചു. തെളിവ് നശിപ്പിക്കാൻ എട്ട് ഫോണുകൾ ഈ കാലയളവിൽ സിസോദിയ ഒഴിവാക്കിയെ‌ന്നും ഇ.ഡി വാദിച്ചു.

എന്നാൽ അറസ്റ്റ് ചെയ്യുന്നത് അന്വേഷണ ഏജൻസികൾ അവകാശം പോലെ കാണുന്നു എന്ന് മനീഷ് സിസോദിയയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ ആരോപിച്ചു. ഇതിൽ കോടതി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ മാസം 17ന് മനീഷ് സിസോദിയയെ വീണ്ടും കോടതിയിൽ ഹാജരാക്കും.