മനീഷ് സിസോദിയയുടെ ഇ.ഡി കസ്റ്റഡി അഞ്ചുദിവസത്തേക്ക് നീട്ടി

manish
 

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി അഞ്ചു ദിവസത്തേക്കുകൂടി നീട്ടി. ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നതിനായി ഒരാഴ്ച കൂടി സമയം തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡല്‍ഹി കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കസ്റ്റഡി കാലാവധി അഞ്ചു ദിവസംകൂടി നീട്ടി നല്‍കിയത്.

നിരവധി തവണ സിസോദി ഫോണുകള്‍ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും എന്നാൽ ഇത് എന്തിനാണെന്ന ചോദ്യത്തിന് ഉത്തരം നൽകുന്നില്ലെന്നും ഇ.ഡി കോടതിയെ അറിയിച്ചു. സിസോദിയയുടെ കുടുംബത്തിന്റെ ചെലവുകൾക്കും ഭാര്യയുടെ ചികിത്സക്കുമായി ചെക്കുകളിൽ ഒപ്പിടാൻ കോടതി അനുമതി നൽകി. 

അതേസമയം ഒരു ദിവസം 30 മിനിറ്റ് മാത്രമേ ഇ.ഡി അധിക്യതർ തന്നെ ചോദ്യം ചെയ്യുന്നുള്ളുവെന്നും കൂടുതൽ കാലം ജയിലിൽ അടച്ചത് കൊണ്ട് പ്രയോജനമില്ലെന്നും സിസോദിയ വാദിച്ചു. ചോദ്യങ്ങള്‍ ആവർത്തിക്കരുതെന്ന് കോടതി ഉത്തരവ് ഉണ്ടായിട്ടും സി.ബി.ഐ തന്നോട് എന്നും ഒരേ ചോദ്യങ്ങളാണ് ചോദിക്കുന്നതെന്ന് സിസോദിയ പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ചോദ്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് സി.ബി.ഐ.യോട് കോടതി ഉത്തരവിട്ടു.

ഇ.ഡി. ഏഴു ദിവസംകൂടി ആവശ്യപ്പെട്ടതോടെ മറുവാദവുമായി സിസോദിയയും രംഗത്തെത്തി. കിട്ടിയ ദിവസം അവര്‍ എന്താണ് ചെയ്തതെന്ന് സിസോദിയ ചോദിച്ചു. ഈ കേസ് ഏഴു മാസം അന്വേഷിച്ചു കഴിഞ്ഞാലും ഇനിയും കൂടുതല്‍ കസ്റ്റഡിയില്‍ വേണമെന്നേ ഇ.ഡി. പറയൂ. അവര്‍ക്ക് കിട്ടിയതെന്താണെന്ന് വെളിപ്പെടുത്തണം-സിസോദിയ പറഞ്ഞു.
 
ഡൽഹി ​ഗവൺമെന്റ് ഫീഡ്ബാക്ക് യൂണിറ്റിൽ (എഫ്.ബി.യു) അഴിമതിയാരോപിച്ച് സിസോദിയക്കെതിരെ സിബിഐ ഇന്നലെ പുതിയ കേസ് രജിസ്റ്റർ ചെയ്തിരുന്നു. നിയമവിരുദ്ധമായാണ് ഫീഡ്‌ബാക്ക് യൂണിറ്റ് രൂപീകരിക്കുകയും പ്രവർത്തിക്കുകയും ചെയ്തതെന്നും അതിലൂടെ സർക്കാർ ഖജനാവിന് ഏകദേശം 36 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട് എന്നുമാണ് സിബിഐ വാദം.

നിലവിൽ മദ്യനയ അഴിമതി കേസിലാണ് മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. മാർച്ച് 10ന് സ്പെഷ്യൽ ജഡ്ജി ജസ്റ്റിസ് നാഗ്‌പാലാണ് സിസോദിയയെ 17വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ടത്. മൂന്ന് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിൽ ഈ മാസം ഒമ്പതിന് രാത്രിയോടെയാണ് സിസോദിയയെ മദ്യനയ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തത്. അതിനു മുമ്പ് അദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷ ജുഡീഷ്യൽ കസ്റ്റഡി അവസാനിക്കുന്ന മാർച്ച് 21ന് ഉച്ചയ്ക്ക് രണ്ടിന് പരിഗണിക്കാൻ മാറ്റിവച്ചിരുന്നു. കേസിൽ ഈമാസം 10ന് പരി​ഗണിക്കാനിരുന്ന ജാമ്യാപേക്ഷ സമയക്കുറവ് കാരണമാണ് പിന്നീട് പരിഗണിക്കാൻ മാറ്റിയത്.