പൊലീസ് സ്റ്റേഷനില്‍ വച്ച് ബിജെപി നേതാവിന്റെ ഭര്‍ത്താവിനെ തല്ലിച്ചതച്ച് എംഎല്‍എ

google news
mla

ലഖ്‌നൗ: പൊലീസ് സ്റ്റേഷനില്‍ വച്ച് ബിജെപി നേതാവിന്റെ ഭര്‍ത്താവിനെ ക്രൂരമായി തല്ലിച്ചതച്ച് എംഎല്‍എ. ഉത്തര്‍പ്രദേശിലെ സമാജ്‌വാദി എംഎല്‍എ രാകേഷ് പ്രതാപ് സിങാണ് ബിജെപി നേതാവ് രശ്മി സിങിന്റെ ഭര്‍ത്താവ് ദീപക് സിങിനെ ക്രൂരമായി മര്‍ദിച്ചത്. അമേഠി ജില്ലയിലെ ഗൗരിഗഞ്ച് കോട് വാലി പൊലീസ് സ്റ്റേഷനില്‍ വച്ചായിരുന്നു സംഭവം. മര്‍ദനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

എംഎല്‍എ ഉള്‍പ്പടെയുള്ള അക്രമികളെ തടയാന്‍ പൊലീസ് പാടുപെടുന്നതും വീഡിയോയില്‍ കാണാം. പൊലീസുകാര്‍ നോക്കിനില്‍ക്കെയാണ് എംഎല്‍എ ദീപക് സിങിനെ മര്‍ദിച്ചത്. സ്്‌റ്റേഷനില്‍ ഒരു പ്രതിഷേധപരിപാടിയില്‍ ഇരിക്കുകയായിരുന്ന തന്നെ ഇയാള്‍ അസഭ്യം പറഞ്ഞതാണ് മര്‍ദനത്തിലേക്ക് നയിച്ചതെന്ന് എംഎല്‍എ പറഞ്ഞു. ദീപക് സിങും കൂട്ടാളികളും സ്റ്റേഷനിലെ പ്രതിഷേധ പരിപാടിയില്‍ ഇരിക്കുകയായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തതാണ് തന്നെ പ്രകോപിച്ചത്. ഈ സമയത്ത് പൊലീസിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്നും എംഎല്‍എ പറഞ്ഞു.


പ്രതിഷേധത്തിനിടയില്‍ ഗൗരിഗഞ്ച് കോട്വാലി സ്റ്റേഷനിലെത്തിയ ദീപക് സിങ് എംഎല്‍എയെയും അദ്ദേഹത്തിന്റെ അനുയായികളെയും അധിക്ഷേപിച്ചിരുന്നു. ഏറെ പണിപ്പെട്ടാണ് ഇരുവരെയും പൊലീസ് പിന്തിരിപ്പിച്ചത്. പ്രശ്‌നം പരിഹരിച്ചതായും ഇരുവര്‍ക്കുമെതിരെ കേസ് എടുത്തതായും പൊലീസ് പറഞ്ഞു. 


 

Tags