ആധുനിക ഇന്ത്യൻ സ്ത്രീകൾക്ക് വിവാഹത്തിനോ പ്രസവിക്കുന്നതിനോ താത്പര്യമില്ല: കര്‍ണാടക മന്ത്രി

Karnataka minister
 

ബെംഗളൂരു: ആധുനിക ഇന്ത്യന്‍ സ്ത്രീകള്‍ക്ക് വിവാഹം കഴിക്കാനോ പ്രസവിക്കാനോ താത്പര്യമില്ലെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി ഡോ.കെ സുധാകര്‍. ഇന്ത്യന്‍ സമൂഹം പാശ്ചാത്യ സ്വാധീനത്തിലാണ്. ആളുകള്‍ തങ്ങളുടെ മാതാപിതാക്കളെ കൂടെ താമസിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോളജിക്കല്‍ സയന്‍സില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

"ഇന്നെനിക്കിത് പറയുന്നതിൽ ഖേദമുണ്ട്. ഒരുപാട് ആധുനിക ഇന്ത്യൻ സ്ത്രീകൾ അവിവാഹിതരായിരിക്കാനാണ് ആഗ്രഹിക്കുന്നത്. കല്യാണം കഴിച്ചാൽ തന്നെ ഇവർക്ക് പ്രസവിക്കാൻ താൽപര്യമില്ല. വാടക ഗർഭമാണ് അവർക്ക് വേണ്ടത്. അവരുടെ ചിന്തയിൽ വ്യക്തമായ ഒരു മാറ്റമുണ്ടായിരിക്കുന്നു. ഇത് ശരിയല്ല"- മന്ത്രി പറഞ്ഞു.

ഇന്ത്യൻ സമൂഹത്തിന്മേലുള്ള പാശ്ചാത്യ സ്വാധീനത്തെ വിമർശിച്ച അദ്ദേഹം ആളുകൾ തങ്ങളുടെ മാതാപിതാക്കൾ തങ്ങളോടൊപ്പമുണ്ടാകാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. "നിർഭാഗ്യവശാൽ നമ്മൾ ഇന്ന് പടിഞ്ഞാറൻ മാതൃകയാണ് പിന്തുടരുന്നത്. നമ്മുടെ മാതാപിതാക്കൾ പോലും നമ്മുടെ കൂടെ ഉണ്ടാവണമെന്ന് നമുക്ക് ആവശ്യമില്ല. " - മന്ത്രി പറഞ്ഞു

ഏഴു ഇന്ത്യക്കാരില്‍ ഒരാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളുണ്ട്. സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നത് ഒരു കലയാണ്. യോഗയിലൂടേയും ധ്യാനത്തിലൂടെയും ആ കല നമ്മള്‍ ലോകത്തിന് പഠിപ്പിച്ചുകൊടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.