കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; തൃണമൂല്‍ എംപി ആഭിഷേക് ബാനര്‍ജിയെ ചോദ്യം ചെയ്ത് ഇ.ഡി

f

ന്യുഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മരുമകനും ലോക്സഭാംഗവുമായ അഭിഷേക് ബാനര്‍ജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഡല്‍ഹിയിലെ ജാം നഗര്‍ ഹൗസില്‍ സ്ഥിതിചെയ്യുന്ന ഇ.ഡിയുടെ ഓഫീസില്‍ രാവിലെ 11 മണിക്ക് ചോദ്യംചെയ്യലിനായി ഹാജരായ അഭിഷേക് ബാനര്‍ജിയെ രാത്രി എട്ടു മണിക്കാണ് വിട്ടയച്ചത്. 

അസന്‍സോളിലും സമീപ പ്രദേശങ്ങളിലുമുള്ള ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് ഖനികളുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ കല്‍ക്കരി അഴിമതി ആരോപിച്ച് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം 2020 നവംബറില്‍ ഇ.ഡി ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുന്നത്.നിയമവിരുദ്ധ കച്ചവടത്തില്‍ നിന്ന് ലഭിച്ച കോടികളുടെ ഗുണഭോക്താക്കളില്‍ ഒരാളാണ് അഭിഷേക് ബാനര്‍ജി എന്നാണ് ഇഡി അവകാശപ്പെടുന്നത്.