രാജ്യത്ത് ഒരുലക്ഷം കടന്ന് കോവിഡ് കേസുകൾ

covid

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,17,100 പേർക്കാണ് 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഏഴുമാസത്തിനിടെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കേസുകളാണിതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 30,836 പേരാണ് രോഗമുക്തി നേടിയത്. 302 പേര്‍ ഈ സമയത്തിനിടെ വൈറസ് ബാധ മൂലം മരിച്ചു. ഇതോടെ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 4,83,178 ആയി. നിലവില്‍ രാജ്യത്തെ ആക്ടിവ് കേസുകള്‍ 3,71,363 ആണ്. 

2021 ജൂൺ ആറിനാണ് ഇന്ത്യയിൽ ഒരു ലക്ഷത്തിന് മുകളിൽ കോവിഡ് കേസുകൾ അവസാനമായി റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് 28.8 ശതമാനമാണ് കോവിഡ് കേസുകളിൽ വർധന. 90,928 പേർക്കാണ്​ കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്.  24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 36,265 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

13 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിലാണ് ഏറ്റവുമധികം കേസുകള്‍. മുംബൈയില്‍ കോവിഡ് ബാധിതര്‍ 20,000 കടന്നു. 20,181 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. മുംബൈയിലെ പോസിറ്റിവിറ്റി നിരക്ക് 29.90 ശതമാനമാണ്. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് മുംബൈയില്‍ കോവിഡ് കേസുകളില്‍ 33 ശതമാനത്തിൻ്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

പുതിയ കേസുകളില്‍ 85 ശതമാനം പേര്‍ക്കും യാതൊരുവിധ രോഗലക്ഷണങ്ങളുമില്ല. 1170 പേര്‍ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. തമിഴ്‌നാട്ടില്‍ പുതുതായി 6983 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 22,828 പേര്‍ ചികിത്സയില്‍ കഴിയുന്നതായി തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ മിക്ക സംസ്ഥാനങ്ങളിലും രാത്രികാല നിയന്ത്രണം, വാരാന്ത്യ കർഫ്യൂ തുടങ്ങിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.