'ലഖിംപുർഖേരിയിലെ സംഘർഷം ഹിന്ദു-സിഖ് സംഘർഷമെന്ന് വരുത്തിത്തീർക്കാൻ നീക്കം'; വരുൺ ഗാന്ധി

varun gandi
 

ദില്ലി: ലഖിംപുർഖേരിയിൽ കർഷകരുൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ട സംഘർഷത്തിൽ വീണ്ടും വിമർശനവുമായി ബിജെപി എംപി വരുൺ ഗാന്ധി. ലഖിംപുർഖേരി സംഘർഷം ഹിന്ദു-സിഖ് സംഘർഷം എന്ന നിലയിലേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നുവെന്നും ഇത് അപകടകരമായ നീക്കമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ദേശീയതക്ക് മേൽ രാഷ്ടീയ ലാഭമുണ്ടാക്കരുത്. അത്തരം തെറ്റായ നീക്കങ്ങൾ അപകടകരമാണെന്നും വരുൺ കുറിച്ചു.


നേരത്തെയും ലഖിംപൂർ വിഷയത്തിൽ വരുൺ ഗാന്ധികർഷകരെ പിന്തുണച്ചെത്തിയിരുന്നു. കർഷകർക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റുന്നതിന്റെ  ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ച വരുൺ ഗാന്ധി, കൊലപ്പെടുത്തി കർഷകരെ നിശ്ശബ്ദരാക്കാനാവില്ലെന്നും കുറിച്ചു. സ്വന്തം പാർട്ടി എംപിയുടെ ട്വീറ്റ് ബിജെപിയെയും പ്രതിരോധത്തിലാക്കുന്നതാണ്. വരുൺ ഗാന്ധിയേയും മേനകഗാന്ധിയേയും നിർവ്വാഹകസമിതിയിൽ നിന്ന് ഒഴിവാക്കിയാണ് ബിജെപി ഇക്കാര്യത്തിൽ തിരിച്ചടിച്ചത്.

ബിജെപി നേതാക്കൾ ഇതുവരെ ഉയർത്തിയ എല്ലാ പ്രതിരോധവും പൊളിക്കുന്നതാണ് കേന്ദ്ര മന്ത്രിയുടെ മകൻ ആശിശ് കുമാർ മിശ്രയുടെ അറസ്റ്റ്. തുടർച്ചയായി കള്ളം പറഞ്ഞ കേന്ദ്ര മന്ത്രി അജയ്കുമാർ മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാനുള്ള സമ്മർദ്ദം ശക്തമാകുകയാണ്. അമിത് ഷായുടെ പിന്തുണയിലാണ് അജയ് മിശ്ര തുടരുന്നത്. യോഗി ആദിത്യനാഥ് വിഷയം ധ്രുവീകരണത്തിനായി ഉപയോഗിക്കുന്നുണ്ട്. പ്രതിപക്ഷ നീക്കം ബ്രാഹ്മണ സമുദായത്തിനെതിരെന്ന് വരുത്താനാണ് ആദിത്യനാഥിന്റെ നീക്കം. അപ്പോഴും അജയ് മിശ്രയുടെ നിലപാടിലും പ്രതിപക്ഷത്തിന് അനാവശ്യ ആയുധം നഷകിയതിലും യോഗി ആദിത്യനാഥിന് കടുത്ത അതൃപ്തി ഉണ്ടെന്നാണ് സൂചന.