കൊല്‍ക്കത്ത: ബിജെപി ദേശീയ ഉപാധ്യക്ഷനും മുന്‍കേന്ദ്രമന്ത്രിയുമായ മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേയ്ക്ക് മടങ്ങിയെത്തി. ബംഗാളില്‍ ഭരണം പിടിക്കാമെന്ന കണക്കുകൂട്ടല്‍ തെറ്റയതിന് പിന്നാലെയാണ് ബിജെപിക്ക് വന്‍ പ്രഹരമേല്‍പ്പിച്ച് മുകുള്‍ റോയിയുടെ മടക്കം. കൊല്‍ക്കത്തയിലെ ടിഎംസി ആസ്ഥാനത്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും പങ്കെടുത്ത ചടങ്ങില്‍ മുകുള്‍ റോയിയും മകന് സുഭ്‍റാന്‍ഷു റോയിയും വീണ്ടും അംഗത്വമെടുത്തു.
മുകുള്‍ റോയിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി മമത ബാനര്‍ജി പറഞ്ഞു. പാര്‍ട്ടിയില്‍ സുപ്രധാന ചുമതലതന്നെ അദ്ദേഹം വഹിക്കുമെന്നും മമത പറഞ്ഞു. എന്നാല്‍, തിരഞ്ഞെടുപ്പിന് മുന്‍പായി പണം വാങ്ങി ബി.ജെ.പിക്കു വേണ്ടി തൃണമൂല്‍ കോണ്‍ഗ്രസിനെ ചതിച്ചവരെ ഒരു വിധത്തിലും പാര്‍ട്ടിയിലേക്ക് തിരികെ പ്രവേശിപ്പിക്കില്ലെന്നും അവര്‍ പറഞ്ഞു.
ഏതാനും നാളുകളായി മുകുള്‍ റോയ് ബി.ജെ.പി. സംസ്ഥാന നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു. മുകുള്‍ റോയിയുടെ ഭാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി അദ്ദേഹത്തെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. അടുത്തിടെ കൊല്‍ക്കത്തയില്‍ നടന്ന ബി.ജെ.പി. യോഗത്തില്‍ മുകുള്‍ റോയ് പങ്കെടുക്കാതിരുന്നതും അദ്ദേഹം ബി.ജെ.പി. വിടുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു.
മമതയുമായുള്ള ഭിന്നതയെത്തുടര്‍ന്ന് 2017ലാണ് മുകുള്‍ റോയ് ടിഎംസി വിട്ടത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ബംഗാളില്‍ വന്‍ മുന്നേറ്റമുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ല. നന്ദിഗ്രാം എംഎല്‍എ സുവേന്ദു അധികാരിയെയാണ് പ്രതിപക്ഷ നേതാവായി ബിജെപി നിശ്ചയിച്ചത്. ഇതേതുടര്‍ന്നാണ് മുകുള്‍ റോയി തൃണമൂല്‍ കോണ്‍ഗ്രസിലേയ്ക്ക് മടങ്ങിയത്.
Comments