മു​സ്‍ലിം​ ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി സ​മ്മേ​ള​നം ഇന്ന് സ​മാ​പി​ക്കും; തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ മുഖ്യാഥിതിയാകും

muslim league platinum jubilee
ചെ​ന്നൈ: മു​സ്‍ലിം​ ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്റെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ഇന്ന് സ​മാ​പി​ക്കും. വ്യാ​ഴാ​ഴ്ച സ​മൂ​ഹ വി​വാ​ഹ ച​ട​ങ്ങോ​ടെയാണ് ചെന്നൈയിൽ സമ്മേളനം ആ​രം​ഭി​ച്ചത്. സ്വാതന്ത്രാനന്തരം മുസ്‌ലിം ലീഗ് പ്രവർത്തനം ഇന്ത്യയിൽ തുടരാൻ തീരുമാനമെടുത്ത നിർണായക യോഗത്തിന്റെ പു​ന​രാ​വി​ഷ്‍കാ​ര​മാ​ണ് രാ​ജാ​ജി ഹാ​ളി​ൽ രാ​വി​ലെ ഒ​മ്പ​തി​ന് ന​ട​ക്കു​ക. 1948 മാ​ർ​ച്ച് 10ന് ​ഖാ​ഇ​ദെ മി​ല്ല​ത്ത് മു​ഹ​മ്മ​ദ് ഇ​സ്മാ​ഈ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലായിരുന്നു ലീ​ഗി​ന്റെ നി​ർ​ണാ​യ​ക യോഗം ചേർന്നത്. ജ​സ്റ്റി​സ് ജി.​എം. അ​ക്ബ​റ​ലി ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​കും.  

രാ​ജാ​ജി ഹാ​ൾ ഇ​പ്പോ​ൾ പൊ​തു​പ​രി​പാ​ടി​ക​ൾ​ക്ക് ന​ൽ​കാ​റി​ല്ല. ലീ​ഗി​ന്റെ ച​രി​ത്ര​സ​മ്മേ​ള​ന​ത്തി​ന് സ​ർ​ക്കാ​ർ പ്ര​ത്യേ​കം വി​ട്ടു​ന​ൽ​കു​ക​യാ​യി​രു​ന്നു. പാ​ർ​ട്ടി​യെ പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​മെ​ന്ന് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ നേ​താ​ക്ക​ളും പ്ര​തി​നി​ധി​ക​ളും വി​വി​ധ ഭാ​ഷ​ക​ളി​ൽ പ്ര​തി​ജ്ഞ​യെ​ടു​ക്കും.

വൈ​കീ​ട്ട് മൂ​ന്നി​ന് കൊ​ട്ടി​വാ​ക്കം രാ​ജീ​വ് ഗാ​ന്ധി റോ​ഡി​ലെ വൈ.​എം.​സി.​എ ഗ്രൗ​ണ്ടി​ൽ ഗ്രീ​ൻ ഗാ​ർ​ഡ് പ​രേ​ഡ് ന​ട​ക്കും. 3.30 മു​ത​ൽ അ​ഞ്ചു​വ​രെ ലീ​ഗ് ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ സം​ഗീ​ത പ​രി​പാ​ടി​യാ​ണ്. 6.45ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.