അഫ്ഗാന്‍ ഭീകരവാദത്തിന്‍റെ ഉറവിടമാകുന്നത് തടയണം; ജി 20 അസാധാരണ ഉച്ചകോടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി

 Modi
 

ന്യൂഡല്‍ഹി: അഫ്ഗാനിസ്താന്‍റെ മണ്ണ് മൗലികവാദത്തിനും ഭീകരവാദത്തിനും ഉറവിടമാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനില്‍ ഉചിതമായ മാറ്റങ്ങളുണ്ടാകാന്‍ ലോകരാജ്യങ്ങളുടെ യോജിച്ചുള്ള പ്രതികരണം വേണമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാന്‍ വിഷയത്തിന്മേലുള്ള അസാധാരണ ജി-20 ഉച്ചകോടിയില്‍ വിര്‍ച്വലായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ ജി 20 പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ഇറ്റലി വിളിച്ച യോഗത്തിലാണ് പ്രധാമന്ത്രി വെർച്വലായി പങ്കെടുത്തത്. ഇറ്റാലിയൻ പ്രധാനമന്ത്രി  മരിയോ ഡ്രാഗിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.  അഫ്‌ഗാനിസ്‌ഥാനിലെ മനുഷ്യാവകാശ  പ്രശ്നങ്ങൾ   അവിടത്തെ സ്ഥിതിഗതികൾ,  ഭീകരതയുമായി ബന്ധപ്പെട്ട ആശങ്കകൾ  തുടങ്ങിയ  വിഷയങ്ങൾ  യോഗത്തിൽ ചർച്ചയായി.
 
അഫ്ഗാൻ ജനതയ്ക്ക് ഇന്ത്യയോട് വലിയ സൗഹൃദമാണ് ഉള്ളത്. പട്ടിണിയും പോഷകാഹാരക്കുറവും നേരിടുന്ന അഫ്ഗാൻ ജനതയുടെ വേദന ഓരോ ഇന്ത്യക്കാരനും അനുഭവപ്പെടുന്നുണ്ട്. അഫ്ഗാനിസ്ഥാന് അടിയന്തിരമായി മാനുഷിക സഹായം തടസ്സവുമില്ലാതെ ലഭിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര സമൂഹം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഫ്ഗാൻ പ്രദേശം പ്രാദേശികമായോ ആഗോളമായോ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും ഉറവിടമായി മാറുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. മേഖലയിലെ തീവ്രവാദത്തിനും  ഭീകരവാദത്തിനും മയക്കുമരുന്നുകളുടെയും ആയുധങ്ങളുടെയും കള്ളക്കടത്തിനുമെതിരായ നമ്മുടെ സംയുക്ത പോരാട്ടം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തു പറഞ്ഞു.

കഴിഞ്ഞ 20 വർഷത്തെ സാമൂഹിക-സാമ്പത്തിക നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും തീവ്രമായ പ്രത്യയശാസ്ത്രത്തിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനും വേണ്ടി, അഫ്ഗാനിസ്ഥാനിൽ സ്ത്രീകളും ന്യൂനപക്ഷങ്ങളും ഉൾക്കൊള്ളുന്ന ഒരു ഭരണകൂടത്തിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്രസഭയുടെ സുപ്രധാന പങ്കിന് അദ്ദേഹം പിന്തുണ അറിയിക്കുകയും അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 2593 ൽ അടങ്ങിയിരിക്കുന്ന സന്ദേശത്തിന് ജി 20 യുടെ പിന്തുണ പുതുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയുടെ അധ്യക്ഷതയില്‍ യു.എന്‍. സുരക്ഷാസമിതി ഓഗസ്റ്റ് 30-ന് പാസാക്കിയ പ്രമേയം അഫ്ഗാനില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. കൂടാതെ അഫ്ഗാന്റെ മണ്ണ് ഭീകരവാദത്തിന് ഉപയോഗിക്കരുതെന്നും പ്രതിസന്ധി പരിഹരിക്കാന്‍ രാഷ്ട്രീയമായ ഒത്തുതീര്‍പ്പിലെത്തിച്ചേരണമെന്നും പ്രമേയം ആവശ്യപ്പെട്ടിരുന്നു.