കോയമ്പത്തൂർ കാർ ബോംബ് സ്ഫോടന കേസ്: ആറ് പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം

google news
nia
 

കോയമ്പത്തൂർ: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടന കേസിൽ ആറു പ്രതികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. മുഹമ്മദ് അസ്ഹറുദ്ദീൻ, മുഹമ്മദ് തൽഹ, ഫിറോസ് , റിയാസ്, അഫ്സർ ഖാൻ, നവാസ് എന്നിവർക്കെതിരെയാണ് കുറ്റപത്രം. യുഎപിഎ അടക്കമുള്ള വകുപ്പുകൾ ഇവർക്കെതിരെ ചുമത്തി.

സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീൻ ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളിൽ സ്വാധീനിക്കപ്പെട്ടാണ് ആക്രമണം നടത്തിയതെന്നാണ് എൻഐഎ കണ്ടെത്തൽ. ഇയാളെ സഹായിക്കുകയും ആക്രമണത്തിന്റെ ആസൂത്രണത്തിൽ പങ്കാളികളാവുകയും ചെയ്തവരാണ് പ്രതികള്‍.

കഴിഞ്ഞ വർഷം ഒക്ടോബർ 23 നാണ് കോയമ്പത്തൂർ ഉക്കടം കോട്ടെ സംഗമേശ്വർ ക്ഷേത്രത്തിന് സമീപം ഇവർ സ്ഫോടനം നടത്തിയത്. സ്ഫോടകവസ്തുക്കളും എൽപിജി സിലിണ്ടറുകളും നിറച്ച കാർ ക്ഷേത്രത്തിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ കാര്‍ രണ്ടായി പിളരുകയും പൂര്‍ണമായി കത്തിനശിക്കുകയും ചെയ്തു. 

രണ്ട് ഗ്യാസ് സിലിണ്ടറുകളും തുറന്നിട്ടാണ് ജമീഷ മുബീന്‍ ക്ഷേത്രത്തിന് സമീപത്തേക്ക് കാറോടിച്ച് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിലൊന്നാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിന് പിന്നാലെ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബോംബ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെടുത്തു. പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡര്‍, സള്‍ഫര്‍ തുടങ്ങിയവയാണ് കണ്ടെടുത്തത്. സ്ഫോടനത്തില്‍ തകര്‍ന്ന കാറില്‍ ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ആണികളും ഇരുമ്പ് ഷീറ്റുകളും മാര്‍ബിള്‍ കഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്.
 

Tags