അപകീ‍ർത്തി കേസില്‍ ഇടക്കാല സ്റ്റേയില്ല; രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും

google news
rahul gandhi g
 


മുംബൈ: അപകീർത്തി കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇടക്കാല സംരക്ഷണമില്ല. കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി വേനലവധിക്ക് ശേഷം വിധി പറയും. അതുവരെ ഇടക്കാല സംരക്ഷണം വേണമെന്ന് രാഹുലിനായി അഡ്വക്കേറ്റ് മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതോടെ രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും.

കേസിൻ്റെ നടപടിക്രമങ്ങളുടെ രേഖകളുടെ യഥാർത്ഥ പകർപ്പ് ഹാജരാക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി വിചാരണാ കോടതിയോട് നിർദേശിച്ചു. അപകീർത്തിക്കേസിലെ തനിക്കെതിരായ വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ​ഗാന്ധിയുടെ അപ്പീൽ സൂറത്ത് സെഷൻസ് കോടതിയും തള്ളിയിരുന്നു.

മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് നല്‍കിയ കേസിലാണ് രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന്‌ സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിച്ചിരുന്നത്. രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയും പിഴയും മജിസ്ട്രേറ്റ് കോടതി വിധിച്ചിരുന്നു. ഇതില്‍ ശിക്ഷ സ്റ്റേ ചെയ്തുവെങ്കിലും കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യാന്‍ സെഷന്‍സ് കോടതി തയ്യാറായില്ല. ഇതിനെതിരേയാണ് രാഹുല്‍ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചത്.
 
കർണാടകത്തിലെ കോലാറിൽ 2019ൽ നടത്തിയ പ്രസംഗമാണ് രാഹുൽ ഗാന്ധിക്ക് വിനയായത്. “നീരവ് മോദിയോ, ലളിത് മോദിയോ, നരേന്ദ്ര മോദിയോ ആകട്ടെ, എന്താണ് എല്ലാ കള്ളന്മാരുടെയും പേരിൽ മോദിയുള്ളത്?. ഇനിയും തെരഞ്ഞാൽ കൂടുതൽ മോദിമാർ പുറത്തുവരും”- എന്നായിരുന്നു രാഹുലിൻ്റെ പ്രസംഗം.

Tags