'ജീൻസും ലെഗിങ്സും പാടില്ല': എല്ലാ സർക്കാർ സ്‌കൂളുകളിലെയും അധ്യാപകർക്ക് ഡ്രസ് കോഡുമായി അസം സർക്കാർ

google news
ജീൻസും ലെഗിങ്സും പാടില്ല: എല്ലാ സർക്കാർ സ്‌കൂളുകളിലെയും അധ്യാപകർക്ക് ഡ്രസ് കോഡുമായി അസം സർക്കാർ
 

ഗുവാഹത്തി: സംസ്ഥാനത്തെ എല്ലാ സർക്കാർ സ്‌കൂളുകളിലെയും അധ്യാപകർക്ക് ഡ്രസ് കോഡുമായി അസം സർക്കാർ. പുരുഷ, വനിതാ അധ്യാപകർ സ്‌കൂളുകളിൽ ടീ-ഷർട്ട്, ജീൻസ്, ലെഗിങ്സ് തുടങ്ങിയവ ധരിക്കരുതെന്ന് അസം വിദ്യാഭ്യാസ വകുപ്പ് ശനിയാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു. നിർദേശം എല്ലാവരും കർശനമായി പാലിക്കണമെന്നും ഇല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

"ചില അധ്യാപകർ അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് ചിലപ്പോൾ പൊതുസമൂഹത്തിന് സ്വീകാര്യമായേക്കില്ല. ഒരു അധ്യാപകൻ എല്ലാത്തരം മാന്യതയുടെയും മാതൃകയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ചും അവരുടെ ചുമതലകൾ നിർവഹിക്കുമ്പോൾ. അതിനാൽ ഡ്രസ് കോഡ് പാലിക്കേണ്ടത് അത്യാവശ്യമാണ്"– വിജ്ഞാപനത്തിൽ പറയുന്നു. 

"വൃത്തിയും ഒതുക്കവുമുള്ളതും മാന്യവുമായ വസ്ത്രങ്ങൾ ധരിക്കണമെന്നും, വസ്ത്രങ്ങൾ മോടിയുള്ളതാകരുതെന്നും നിർദേശത്തിൽ പറയുന്നു. കാഷ്വൽ, പാർട്ടി വസ്ത്രങ്ങൾ ഒഴിവാക്കണമെന്നും കർശന നിർദേശമുണ്ട്. ഡ്യൂട്ടിയിൽ പുരുഷ അധ്യാപകർ ഔപചാരിക വസ്ത്രം മാത്രം (ഔപചാരിക വസ്ത്രമായ ഷർട്ട്-പാന്റ് എന്നിവ. ടീ-ഷർട്ട്, ജീൻസ് തുടങ്ങി കാഷ്വൽ അല്ലാത്തവ) ധരിക്കണം. വനിതാ അധ്യാപകർ സൽവാർ സ്യൂട്ട്, സാരി, മേഖേല-ചാദർ (പരമ്പരാഗത അസം വസ്ത്രം) എന്നിവ ധരിച്ച് ഡ്യൂട്ടിക്ക് ഹാജരാകണം. ടി-ഷർട്ട്, ജീൻസ്, ലെഗിങ്സ് തുടങ്ങിയ കാഷ്വൽ വസ്ത്രങ്ങൾ ധരിക്കരുത്’’– വിജ്ഞാപനത്തിൽ പറയുന്നു.

Tags